ന്യൂ ജേഴ്സി: പ്രശസ്ത സുവിശേഷ പ്രാസംഗികനും, ധ്യാന ഗുരുവും, മനഃശാസ്ത്രജ്ഞനുമായ ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ ബിഷപ്. മാർ. തോമസ് തറയിൽ നയിക്കുന്ന നോമ്പുകാല കുടുംബ നവീകരണ ധ്യാനം, സോമർസെറ്റ് സെന്റ്.തോമസ് സീറോ മലബാർ കത്തോലിക്ക ഫൊറോനാ ദേവാലയത്തിൽ, മാർച്ച് 25- മുതൽ 27-വരെ (വെള്ളി, ശനി, ഞായർ) തീയതികളിലായി നടത്തപ്പെടുന്നു.

സമൂഹം നേരിടുന്ന സമകാലിക പ്രശ്‌നങ്ങളിൽ നീതിക്കായി ശക്തമായി ഇടപെടുന്ന മാർ. തോമസ് തറയിൽ പിതാവ് മനഃശാസ്ത്ര സംബന്ധമായ നിരവധി പുസ്തകങ്ങളും, ലേഖനങ്ങളും എഴുതിയിട്ടുണ്ട്. റോമിലെ ഗ്രിഗോറിയൻ സർവ്വകലാശാലയിൽനിന്നും ഡെപ്ത് സൈക്കോളജിയിൽ ഡോക്ടറേറ്റ് നേടി. ബിയോണ്ട് സെക്യുർ അറ്റാച്ച്മെന്റ്. അറ്റാച്‌മെന്റ് ഇന്റിമസി ആൻഡ് സെലിബസി, ഫോർമേഷൻ ആൻഡ് സൈക്കോളജി തുടങ്ങിയവയാണ് പ്രധാന രചനകൾ. വിവിധ സെമിനാരികളിലും സ്ഥാപനങ്ങളിലും അദ്ധ്യാപകനാണ്. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഇറ്റാലിയൻ, ജർമൻ, സ്പാനിഷ് ഭാഷകളിലും പ്രാവീണ്യമുണ്ട്.

ജീവിതം എന്നു തുടങ്ങി എന്ന് അവസാനിക്കും എന്ന് ആർക്കും പ്രവചിക്കാനാവില്ല. ഇതിനിടയിൽ സർവ്വശക്തൻ ദാനമായി തന്ന ജീവിതത്തിൽ താളപ്പിഴകളില്ലാതെ മുന്നേറുവാൻ, കൊഴിഞ്ഞുവീണ ഇന്നലെകളിലെ പൊട്ടിപ്പോയ ഇഴകൾ കോർത്തിണക്കുവാൻ വീണുകിട്ടുന്ന ഒരവസരം. നിത്യ വിഹ്വലതകൾക്കിടയിൽ ഇനി അല്പമൊരു ഇടവേളയാകാം. കുടുംബജീവിതത്തിൽ നാം അനുവർത്തിക്കേണ്ട പ്രായോഗികമായ മാർഗ്ഗങ്ങൾ പങ്കുവെക്കുന്ന ബിഷപ്പ് മാർ.തോമസ് തറയിലുമായി മൂന്നു ദിനങ്ങൾ. രണ്ടറ്റവും കത്തിയ മെഴുകുതിരി പോലെ കുടുംബാംഗങ്ങൾക്കായി സ്വയം എരിയുന്നവരാണ് നമ്മിൽ ചിലരെങ്കിലും.

'ആകയാൽ ക്രിസ്തുവിൽ എന്തെങ്കിലും ആശ്വാസമോ സ്നേഹത്തിൽ നിന്നുള്ള സാന്ത്വനമോ, ആത്മാവിലുള്ള കൂട്ടായ്മയോ എന്തെങ്കിലും കാരുണ്യമോ അനുകമ്പയോ ഉണ്ടെങ്കിൽ നിങ്ങൾ ഒരേ കാര്യങ്ങൾ ചിന്തിച്ചുകൊണ്ട്, ഒരേ സ്നേഹത്തിൽ വർത്തിച്ച്, ഒരേ ആത്മാവും ഒരേ അഭിപ്രായവും ഉള്ളവരായി എന്റെ സന്തോഷം പൂർണ്ണമാക്കുവിൻ' (ഫിലി. 2:14).

വ്യക്തിജീവിതത്തിലും, കുടുംബജീവിതത്തിലും നവീകരണമുണ്ടാക്കുവാനും, ആത്മീയതയുടെ പുതുവെളിച്ചം വിശ്വാസി സമൂഹത്തിന് പ്രദാനം ചെയ്യുവാനും, പരിശുദ്ധാത്മാവിന്റെ കൃപാവരത്താൽ നിറഞ്ഞ് വിശുദ്ധീകരിക്കപ്പെടുന്നതിനും, ഈ മാഹാമരി കാലഘട്ടത്തിൽ നമ്മെ കാത്തുപരിപാലിച്ച ദൈവത്തിനു നന്ദി പറയാനും, ഈ കുടുംബ നവീകരണ ധ്യാനത്തിൽ ഹൃദയ വിശുദ്ധിയോടെ കുടുംബമായി പങ്ക് ചേർന്ന് ദൈവാനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ആന്റണി സേവ്യർ പുല്ലുകാട്ടും, ട്രസ്റ്റിമാരും അറിയിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കും രെജിസ്‌ട്രേഷനും ബന്ധപ്പെടുക,

സെബാസ്റ്റ്യൻ ആന്റണി (ട്രസ്റ്റി) 732-690-3934), ടോണി മാങ്ങൻ (ട്രസ്റ്റി) (347) 721-8076, റോബിൻ ജോർജ് (ട്രസ്റ്റി) (848) 391-6535, ബോബി വർഗീസ് (ട്രസ്റ്റി) (201) 927-2254, ടോം പെരുമ്പായിൽ (കോ ഓർഡിനേറ്റർ) (646) 326-3708), ജിജീഷ് തോട്ടത്തിൽ (കോ ഓർഡിനേറ്റർ) (609) 558-4351, റോണി മാത്യു (കോ ഓർഡിനേറ്റർ) (732) 429-3257.

വെബ്: www.stthomassyronj.org