ജിദ്ദ: ഹിജാബ് ധരിക്കുന്നത് തടഞ്ഞ കർണ്ണാടക ഹൈക്കോടതി വിധിയിൽ ജിദ്ദ തലശ്ശേരി - ധർമ്മടം മണ്ഡലം കെഎംസിസി പ്രതിഷേധം രേഖപ്പെടുത്തി.ശിരോവസ്ത്രം ധരിക്കാൻ മുസ്ലിം പെൺകുട്ടികൾക്ക് അവകാശമുണ്ടെന്നും ഇതിനെതിരെയുള്ള കോടതി വിധി ദൗർഭാഗ്യകരമാണെന്നും തലശ്ശേരി - ധർമ്മടം മണ്ഡലം കെഎംസിസി ഭാരവാഹികൾ പത്രകുറിപ്പിൽ അറിയിച്ചു.

ഭരണ ഘടന പ്രകാരം ഓരോരുത്തർക്കും അവരവര്ക്കിഷ്ടപ്പെട്ട വസ്ത്രം ധരിക്കാൻ സ്വാതന്ത്ര്യം ഉണ്ട്. ഇസ്ലാമിക വിശ്വാസപ്രകാരമുള്ള വസ്ത്ര രീതിയാണ് ഹിജാബ്. മുസ്ലിം പെൺ കുട്ടികൾക്ക് ഹിജാബ് ധരിക്കാൻ സ്വാതന്ത്ര്യം ഉണ്ട്. എന്നാൽ മുസ്ലിം മത നിയമം പഠിക്കാതെയുള്ള കോടതി വിധി ആരെയോ സന്തോഷപ്പെടുത്താൻ വേണ്ടിയുള്ളതാണ്.

ഭാവി പൗരന്മാരായ വിദ്യാർത്ഥികൾ പഠിച്ചുകൊടിരിക്കുന്ന വിദ്യാലയങ്ങളിൽ പോലും വർഗീയത കൊണ്ടുവരാനുള്ള സംഘ് പരിവാർ ശ്രമത്തിന്റെ ഭാഗമായാണ് ഇപ്പോൾ നാട്ടിൽ നടക്കുന്ന ഹിജാബ് വിഷയം. ഇന്ത്യയിൽ വിവിധ മതസ്ഥർ അവരവരുടെ ആചാരങ്ങൾ അനുസരിച്ചു ജീവിക്കുന്നു. എന്നാൽ ഹിജാബ് വിവാദംഇന്ത്യയിലെ മുസ്ലിം സമുദായത്തെ എതിർക്കുവാനും അവരെ നശിപ്പിക്കാനുമുള്ള സംഘപരിവാറിന്റെ അജണ്ടയാണ്. ഇത് മുസ്ലിം സമുദായം തിരിച്ചറിയുകയും ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുകയും വേണം.

നിഷ്പക്ഷമായ വിധി നടത്തേണ്ട ജഡ്ജിമാർ വർഗ്ഗീയ ഫാസിസ്റ്റ് അജണ്ട നടപ്പാക്കാൻ കൂട്ടുനിൽക്കുന്നു എന്നത് ഏറെ ദുഃഖകരവും പ്രതിഷേധാകരവുമാണെന്നും ഇതിനെതിരെ പ്രതിഷേധം ഉയരണമെന്നും ജിദ്ദ തലശ്ശേരി - ധർമ്മടം മണ്ഡലം കെഎംസിസി പ്രസിഡന്റ് നൗഷാദ് ബെക്കോടൻ, ജനറൽ സെക്രട്ടറി നശ്രിഫ് മാഹി, ട്രഷറർ സലാം പാറമ്മൽ എന്നിവർ ആഭ്യർത്ഥിച്ചു.