ഷിക്കാഗോ: രാജ്യത്താകമാനം ഗ്യാസ് വില കുതിച്ചുകയറുമ്പോൾ ഗ്യാസ് ഉപഭോക്താക്കൾക്ക് അല്പമെങ്കിലും ആശ്വാസം നൽകുന്നതിന് എക്സ് മേയറോൾ സ്ഥാനാർത്ഥി വില്ലി വിൽസൺ 200,000 ഡോളർ സൗജന്യ ഗ്യാസ് വിതരണത്തിനായി നീക്കിവച്ചിരിക്കുന്നു. ഒരാൾക്ക് 50 ഡോളർ വിലയ്ക്കുള്ള ഗ്യാസാണ് ലഭിക്കുക.

മാർച്ച് 17 വ്യാഴാഴ്ച രാവിലെ 7 മുതൽ ഷിക്കാഗോയിലെ തെരഞ്ഞെടുക്കപ്പെട്ട 10 കേന്ദ്രങ്ങളിൽ വച്ചാണ് ഗ്യാസ് വിതരണം. രണ്ടു ലക്ഷം ഡോളർ കഴിയുന്നതുവരെ ഫസ്റ്റ് കം ഫസ്റ്റ് സെർവ് എന്ന നയമാണ് സ്വീകരിച്ചിരിക്കുന്നത്.

യുക്രെയ്ൻ യുദ്ധം ആരംഭിച്ചതോടെ 2.50 മുതൽ 2.75 വിലയുണ്ടായിരുന്ന ഒരു ഗ്യാസിന്റെ വില 4 മുതൽ 4.50 വരെ ഉയർന്നിരുന്നു. കഴിഞ്ഞ പതിനാല് വർഷത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇത്. കഴിഞ്ഞവർഷത്തെ ഈസമയത്തേക്കാൾ അമ്പത് ശതമാനം വർധനവ്. വില്ലി വിൽസൺ കാണിച്ച മാതൃക പിന്തുടർന്ന് സ്വന്തം ഗ്യാസ് സ്റ്റേഷനുകളിലെ വില കുറയ്ക്കുന്നതിന് ഗ്യാസ് സ്റ്റേഷൻ ഉടമസ്ഥരായ ഖലീൽ അബ്ദുള്ള, അമീൻ അബ്രഹാം എന്നിവർ തീരുമാനിച്ചിട്ടുണ്ട്. മറ്റു പല ഗ്യാസ് സ്റ്റേഷൻ ഉടമകളും ഇതേ മാതൃക പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.