തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴിലാളികൾക്ക് സാമൂഹ്യസുരക്ഷ ഉറപ്പാക്കാനുള്ള ബില്ല് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി വി ശിവൻകുട്ടി . അസംഘടിത മേഖലയിലെ വനിതാ തൊഴിലാളികൾക്കുള്ള അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ കാർഡ് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗാർഹിക മേഖലയിലെ തൊഴിലാളികളെ അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ രജിസ്റ്റർ ചെയ്യിപ്പിക്കാൻ ക്യാംപയിനുകളും സ്‌പെഷ്യൽ ഡ്രൈവുകളും നടത്തും. സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഈ മേഖലയിൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥർ സന്ദർശിച്ച് സ്ഥാപനങ്ങൾ മുഖാന്തരം ജോലി ലഭിച്ചിട്ടുള്ള തൊഴിലാളികളെ ബോർഡിൽ അംഗത്വമെടുപ്പിക്കാൻ ശ്രമിക്കും.

രണ്ടാഴ്ച നീളുന്ന ക്യാംപയിനിൽ, രജിസ്‌ട്രേഷൻ കൂടാതെ നിലവിലെ അംഗങ്ങളായ തൊഴിലാളികൾക്ക് കുടിശ്ശിക മെമ്പർഷിപ് തുക ഗഡുക്കളായി ഒടുക്കാനുള്ള സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

തൊഴിൽ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ലേബർ കമീഷണർ എസ് ചിത്ര, അഡീഷണൽ ലേബർ കമീഷണർമാരായ രഞ്ജിത് പി മനോഹർ, കെ ശ്രീലാൽ, ബിച്ചു ബാലൻ, ബോർഡ് സിഇഒ ബീനാമോൾ വർഗീസ്, ഗാർഹിക തൊഴിലാളി യൂണിയൻ നേതാവ് എസ് പുഷ്പലത തുടങ്ങിയവർ പങ്കെടുത്തു.