പട്‌ന: 'കശ്മീർ ഫയൽസ്' സിനിമയെ വിനോദ നികുതിയിൽ നിന്നൊഴിവാക്കിയതിനു നിതീഷ് കുമാർ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ആർജെഡി നേതാവ് റാബ്‌റി ദേവി. സിനിമ കണ്ടതു കൊണ്ടു ജനങ്ങളുടെ വയറു നിറയില്ലെന്നു റാബ്‌റി ദേവി പരിഹസിച്ചു.

സിനിമ കണ്ടാൽ തൊഴിലില്ലായ്മയും മാറില്ല. ക്ഷേമ പദ്ധതികളിലൂടെ കുറച്ച് അരി വിതരണം ചെയ്തു സർക്കാർ ഉത്തരവാദിത്തങ്ങളിൽ നിന്നൊഴിഞ്ഞു മാറുകയാണെന്നു റാബ്‌റി ദേവി കുറ്റപ്പെടുത്തി.

നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തെ ഗുജറാത്ത് കലാപത്തെക്കുറിച്ചും സിനിമ എടുക്കേണ്ടതല്ലേയെന്നു റാബ്‌റി ദേവി ചോദിച്ചു. ഗോദ്രയിൽ ട്രെയിനിനു തീവച്ച സംഭവത്തെക്കുറിച്ചു റെയിൽവേ മന്ത്രിയായിരിക്കെ ലാലു പ്രസാദ് യാദവ് ചോദ്യങ്ങൾ ഉന്നയിച്ച കാര്യവും റാബ്‌റി ഓർമിപ്പിച്ചു.