പട്‌ന: ബിഹാറിലെ വൈശാലിയിൽ രാമായണ സർവകലാശാല സ്ഥാപിക്കാൻ പദ്ധതിയുമായി ഹനുമാൻ ക്ഷേത്ര ട്രസ്റ്റ്. വൈശാലിയിൽ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ സർവകലാശാല സ്ഥാപിക്കുന്നതിനുള്ള മുഴുവൻ ചെലവും വഹിക്കുമെന്ന് അവർ അറിയിച്ചു. പട്‌നയിലെ ഹനുമാൻ ക്ഷേത്ര ട്രസ്റ്റാണ് പദ്ധതി സമർപ്പിച്ചത്.

ബിരുദ, ബിരുദാനന്തര, ഗവേഷണ കോഴ്‌സുകൾക്കു തത്തുല്യമായ ശാസ്ത്രി, ആചാര്യ, വിദ്യാ വചസ്പതി കോഴ്‌സുകളാകും സർവകലാശാലയിൽ ഉണ്ടാവുക. വാൽമീകി രാമായണം, രാമചരിത മാനസം തുടങ്ങിയ കൃതികളെ കുറിച്ചുള്ള ഗവേഷണത്തിനും സംസ്‌കൃത പഠനത്തിനും പ്രാധാന്യം നൽകും.

വിപുലമായ ഗ്രന്ഥശാലയും സജ്ജമാക്കും. ജ്യോതിഷം, ആയുർവേദം, യോഗ തുടങ്ങിയ വിഷയങ്ങളിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളും ആരംഭിക്കും.