- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
156 രാജ്യങ്ങളിലെ പൗരന്മാർക്ക് നൽകിയിരുന്ന അഞ്ചുവർഷം കാലാവധിയുള്ള ഇ വിസക്ക് രണ്ടു വർഷത്തിനു ശേഷം വീണ്ടും നിയമസാധുത; ബ്രിട്ടനും കാനഡയും സൗദിയും ലിസ്റ്റിൽ ഇല്ലാത്തതിൽ അദ്ഭുതപ്പെട്ട് ഈ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ പോലും
ഇന്ത്യ സന്ദർശിക്കുവാൻ അഞ്ചുവർഷം വരെ കാലാവധിയുള്ള ഇ-ടൂറിസ്റ്റ് വിസകൾ 171 രാജ്യങ്ങളിലെ പൗരന്മാർക്ക് നൽകിയിരുന്നു. അതുപോലെ എല്ലാ രാജ്യങ്ങളിൽ നിന്നുള്ളവർക്കും പേപ്പർ വിസയും നൽകിയിരുന്നു. കോവിഡ് പ്രതിസന്ധിയുടെ വെളിച്ചത്തിൽ നിർത്തലാക്കിയ ഈ പദ്ധതി ഇപ്പോൾ വീണ്ടും ആരംഭിക്കുകയാണ്. രണ്ടു വർഷത്തിനു ശേഷമാണ് ഈ പദ്ധതി പുനരാരംഭിക്കുന്നത്.
ഇന്ത്യയുടെ ആഭ്യന്തര വകുപ്പാണ് ഈ ടൂറിസ്റ്റ് വിസ പുനരാരംഭിക്കുന്നതിനുള്ള തീരുമാനം എടുത്തിരിക്കുനത്. എന്നാൽ ഇത് നേരത്തേയുണ്ടായിരുന്ന 171 രാജ്യങ്ങളിലെ പൗരന്മാർക്കും ലഭിക്കുകയില്ല, പുതിയ ലിസ്റ്റിൽ 156 രാജ്യങ്ങൾ മാത്രമാണുള്ളത്. ഇറാൻ, ഇന്തോനേഷ്യ, കാനഡ, ബ്രിട്ടൻ, ചൈന, മലേഷ്യ, സൗദി അറേബ്യ എന്നിവയാണ് ഒഴിവാക്കപ്പെട്ട രാജ്യങ്ങളിൽ പ്രമുഖരായവർ.
അതേസമയം, ഇ വിസ നിഷേധിക്കുകയോ നൽകുകയോ ചെയ്യുന്നതിൽ പങ്കൊന്നുമില്ലെന്ന് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ വെളിപ്പെടുത്തുന്നു. ഇ വിസകൾ നൽകുന്നതുമായി ബന്ധപ്പെട്ട എല്ലാ പ്രക്രിയകളും നടക്കുന്നത് ന്യുഡൽഹിയിലാണ്. വിദേശരാജ്യങ്ങളിലുള്ള ഇന്ത്യൻ എംബസികൾക്ക് അതിൽ പങ്കില്ല. അതുകൊണ്ടു തന്നെ ഇക്കാര്യവുമായി ബന്ധപ്പെട്ട ഏതൊരു സംശയവും ഇന്ത്യൻ സർക്കാരിന്റെ ഇ-വിസ പോർട്ടൽ സന്ദർശിച്ച് ദൂരീകരിക്കാനാണ് ഹൈക്കമ്മീഷൻ പറയുന്നത്.
ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ബ്രിട്ടീഷുകാരോട് പറയുന്നത് ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ റെഗുലർ വിസയ്ക്ക് അപേക്ഷിക്കുവാനാണ്. ഇന്ത്യൻ സർക്കാരിന്റെ പോർട്ടൽ വഴി ഇതിനായി അപേക്ഷിക്കാം. വിസാ സർവ്വീസുകൾ വി എഫ് എസ് (യു കെ) ന് കരാര നൽകിയിരിക്കുന്നതിനാൽ അപേക്ഷ അവരുടെഏതെങ്കിലും കേന്ദ്രങ്ങളിലും നൽകേണ്ടി വരും. ഈ വിസ വെബ്സൈറ്റും സ്ഥിരീകരിക്കുന്നത് നിലവിൽ ഇ വിസ നൽകുന്നവരുടെ കൂട്ടത്തിൽ ബ്രിട്ടീഷുകാരില്ല എന്നു തന്നെയാണ്.
അതേസമയം, കാനഡയേയും ബ്രിട്ടനേയും ഈ പട്ടികയിൽ ഉൾപ്പെടുത്താത്തത് ആ രാജ്യങ്ങളുടെ സമീപനത്തോടുള്ള പ്രതികരണമാണ് എന്നൊരു അഭിപ്രായവും ഉയരുന്നുണ്ട്. കോവിഡാനന്തര കാലത്ത് ഈ രണ്ടു രാജ്യങ്ങളും ഇന്ത്യയിൽ നിന്നെത്തുന്നവർക്കെതിരെ ധാരാളം നിയന്ത്രണങ്ങൾ വെച്ചിരുന്നു. പലപ്പോഴും ഇതുവഴി യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടതായി വന്നിട്ടുണ്ട്. ഇതിനുള്ള പ്രതികരണമാണ് ഈ നടപടി എന്നാണ് ചിലർ പറയുന്നത്.
അതേസമയം ഗാൽവാൻ താഴ്‌വരയിലെ സൈനിക ഇടപെടലിനു ശേഷം ചൈനീസ് പൗരന്മാർക്ക് ഇ-വിസ സൗകര്യം നിഷേധിച്ചിരുന്നു. ഏതായാലും ബ്രിട്ടീഷ് പൗരന്മാർക്ക് ഇ വിസ സൗകര്യം നിഷേധിച്ചതിനെതിരെ യു കെ പ്രവാസി ഹെൽപ് ഡസ്‌ക് എന്ന മലയാളികളുടെ വാട്ട്സ്അപ് ഗ്രൂപ്പ് ഇന്ത്യൻ സർക്കാർ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.കേന്ദ്രമന്ത്രി വി മുരളീധരൻ, ഇവർക്ക് അനുകൂല മറുപടി നൽകിയിട്ടുണ്ടെന്നും അറിയുന്നു.
മറുനാടന് ഡെസ്ക്