ചങ്ങനാശ്ശേരി: ഒരു പ്രകോപനവും കൂടാതെയാണ് സിൽവർ ലൈൻ പ്രതിഷേധക്കാരായ സ്ത്രീകൾ ഉൾപ്പെടെയുള്ള ജനങ്ങളെ പൊലീസ് അക്രമിച്ചതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ആൾ ആരാണെന്ന് മനസിലാകാതിരിക്കാനാണ് നെയിം ബാഡ്ജ് അടക്കമുള്ളവ ഒഴിവാക്കി ഹെൽമറ്റ് ധരിപ്പിച്ച് പൊലീസുകാരെ ഇറക്കി വിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകളുടെ മേൽ കൈവച്ച പുരുഷ പൊലീസുകാർക്കെതിരെ നടപടി വേണം. ചങ്ങനാശേരി മാടപ്പള്ളിയിൽ എത്തിയ കേന്ദ്ര മന്ത്രിയോട് ജനങ്ങൾ പൊലീസിൽ നിന്നും നേരിടേണ്ടി വന്ന അക്രമത്തെ കുറിച്ച് പരാതി പറഞ്ഞു.

കിടപ്പാടം നഷ്ടപ്പെടാതിരിക്കാൻ സഹായിക്കണം എന്ന് അഭ്യർത്ഥിച്ച പ്രദേശവാസികളോട് ജനങ്ങൾക്കെതിരായ ഒരു പദ്ധതിയും നടപ്പിലാക്കാൻ കേന്ദ്രം അനുവദിക്കില്ലെന്ന് മന്ത്രി ഉറപ്പ് നൽകി. ജനങ്ങൾക്ക് നിയമ പോരാട്ടം നടത്താൻ ബിജെപി പിന്തുണ നൽകുമെന്നും മുരളീധരൻ പറഞ്ഞു.

സ്ത്രീകൾക്ക് കേരളത്തിൽ ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഡിവൈഎസ്‌പി ശ്രീകുമാർ കയറിപ്പിടിച്ചുവെന്ന് ഒരു സ്ത്രീ പരാതിപ്പെട്ടിട്ട് സർക്കാർ എന്ത് നടപടിയെടുത്തു എന്നും അദ്ദേഹം ചോദിച്ചു. മഞ്ഞക്കല്ലുമായി ഉദ്യോഗസ്ഥർ ഇനി വന്നാലും ജനങ്ങൾ കൈകാര്യം ചെയ്താൽ അത്ഭുതപ്പെടാനില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.