ചണ്ഡീഗഡ്: പഞ്ചാബിൽ അധികാരമേറ്റെടുത്ത് ആദ്യ മന്ത്രിസഭാ യോഗത്തിൽ നിർണായക തീരുമാനവുമായി ആംആദ്മി സർക്കാർ. 25,000 പേർക്ക് സർക്കാർ സർവീസിൽ ഉടൻ ജോലി നൽകാനുള്ള തീരുമാനമാണ് മന്ത്രിസഭാ യോഗം ആദ്യം കൈക്കൊണ്ടത്.

ഇതിൽ 15,000 പേർക്ക് പൊലീസിലും ബാക്കിയുള്ളവർക്ക് മറ്റ് സർക്കാർ വകുപ്പുകളിലുമാണ് അവസരം. സർക്കാരിന് കീഴിലുള്ള വിവിധ ബോർഡ്, കോർപ്പറേഷനുകളിലാണ് നിയമനം നൽകുകയെന്ന് മുഖ്യമന്ത്രി ഭഗവന്ത് മൻ പറഞ്ഞു.

ഒരു മാസത്തിനുള്ളിൽ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും ഇത് പഞ്ചാബിലെ യുവാക്കൾക്ക് നൽകിയ വാഗ്ദാനമായിരുന്നുവെന്നും ഭഗവന്ത് മൻ പറഞ്ഞു.യുവാക്കളാണ് തങ്ങളുടെ പ്രഥമ പരിഗണനയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഒരു വനിതയുൾപ്പെടെ പത്ത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പരമാവധി 18 മന്ത്രിമാരെ ഉൾപ്പെടുത്താമായിരുന്നിട്ടും മന്ത്രിമാരുടെ എണ്ണം കുറയ്ക്കാനാണ് പാർട്ടി തീരുമാനിച്ചത്.

117 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വൻ വിജയമാണ് ആം ആദ്മി പഞ്ചാബിൽ സ്വന്തമാക്കിയത്. 92 സീറ്റുകളിൽ വിജയിച്ചാണ് അധികാരത്തിലെത്തിയത്. കോൺഗ്രസിന് വെറും 18 സീറ്റിൽ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞത്.