- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് പുതിയ ഇടയൻ; തോമസ് ജെ.നെറ്റോ മെത്രാപ്പൊലീത്തയായി അഭിഷിക്തനായി
തിരുവനന്തപുരം: ലത്തീൻ സഭയുടെ തിരുവനന്തപുരം അതിരൂപതയ്ക്ക് പുതിയ ഇടയൻ ചുമതലയേറ്റു. അതിരൂപതയുടെ ആർച്ച് ബിഷപ്പായി മോൺ. തോമസ് ജെ. നെറ്റോ അഭിഷിക്തനായി. ചെറുവെട്ടുകാട് സെന്റ് സെബാസ്റ്റ്യൻ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ വിശ്വാസികളെ സാക്ഷിയാക്കി അതിരൂപത അപ്പോസ്തലിക് അഡ്‌മിനിസ്‌ട്രേറ്റർ ഡോ.എം.സൂസപാക്യം മുഖ്യഅഭിഷേകകനും മുഖ്യകാർമികനുമായായിരുന്നു തോമസ് ജെ.നെറ്റോയുടെ സ്ഥാനാരോഹണം.
വരാപ്പുഴ അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ. വിൻസെന്റ് സാമുവൽ എന്നിവർ സഹകാർമികരായി.
കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സുവിശേഷ പ്രഘോഷണം നടത്തി. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ലിയോ പോൾദോ ജിറേല്ലി മുഖ്യ അതിഥിയായി ചടങ്ങിൽ വചനസന്ദേശം നൽകി. വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാൾ ദിവസമായ ശനിയാഴ്ചയാണ് മെത്രാഭിഷേകവും സ്ഥാനാരോഹണച്ചടങ്ങും നടത്തിയത്.
റോമിൽനിന്നുള്ള പ്രഖ്യാപനം വായിച്ചാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് കൈവയ്പ് കർമം, സുവിശേഷ ഗ്രന്ഥം നിയുക്ത മെത്രാന്റെ ശിരസ്സിൽവച്ച് പ്രതിഷ്ഠാപന പ്രാർത്ഥന, തൈലാഭിഷേകം തുടങ്ങിയ ചടങ്ങുകൾക്കുശേഷം സ്ഥാനചിഹ്നങ്ങളായ അംശവടി, അംശമുടി (തൊപ്പി), മോതിരം എന്നിവ അണിയിച്ചു. തുടർന്ന് എല്ലാ മെത്രാന്മാരും പുതിയ ആർച്ച് ബിഷപ്പിനു സമാധാനചുംബനം നൽകി. സമൂഹ ദിവ്യബലിക്കൊപ്പമായിരുന്നു അഭിഷേക ചടങ്ങുകൾ.
ഡോ.എം.സൂസപാക്യം വിരമിച്ച സാഹചര്യത്തിലാണു നിയുക്ത ആർച്ച് ബിഷപ്പായി മോൺ. തോമസ് ജെ.നെറ്റോയെ ഫ്രാൻസിസ് മാർപാപ്പ ഫെബ്രുവരി 2നു നിയമിച്ചത്. പുതിയതുറ സെന്റ് നിക്കോളാസ് ഇടവകാംഗമായ ഡോ.തോമസ് നെറ്റോ (58) തിരുവനന്തപുരം ലത്തീൻ അതിരൂപത ശുശ്രൂഷകളുടെ കോ-ഓർഡിനേറ്റർ സ്ഥാനത്തുനിന്നാണ് അതിരൂപതയുടെ പുതിയ ഇടയനാകുന്നത്. വിവിധ രൂപതാധ്യക്ഷന്മാരും സന്ന്യസ്തരും വൈദികരും സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. അതിരൂപതയുടെ രണ്ടാമത്തെ മെത്രാപ്പൊലീത്തയും അഞ്ചാമത്തെ ഇടയനുമാണ് തോമസ് ജെ.നേറ്റോ.
ഗായകസംഘം സ്വാഗതഗാനമാലപിച്ചതോടെ ചടങ്ങുകൾക്ക് തുടക്കമായി. വൈദികരുടെയും രൂപതാധ്യക്ഷന്മാരുടെയും അകമ്പടിയിൽ തോമസ് ജെ.നെറ്റോയും സൂസപാക്യവും ബലിവേദിയിലെത്തി. അതിരൂപത സഹായമെത്രാൻ ഡോ. ക്രിസ്തുദാസ് ആമുഖപ്രഭാഷണം നടത്തി. ഫ്രാൻസിസ് മാർപ്പാപ്പയുടെ നിയമന ഉത്തരവ് ചാൻസിലർ മോൺ. ഡോ. സി.ജോസഫ് ലത്തീനിലും മലയാളത്തിലും വേദിയിൽ വായിച്ചു. ദിവ്യബലിക്ക് ശേഷം സൂസപാക്യം, തോമസ് ജെ. നെറ്റോയെ തൈലാഭിഷേകം നടത്തി മോതിരമണിയിച്ച് അംശവടി കൈമാറി മെത്രാൻ സ്ഥാനത്തേയ്ക്ക് ഉയർത്തി.
അതിരൂപതാ കോ-ഓർഡിനേറ്ററായി പ്രവർത്തിച്ചുവരികയായിരുന്ന 57-കാരനായ മോൺ. തോമസ് ജെ.നെറ്റോയെ ഫെബ്രുവരിയിലാണ് മെത്രാപ്പൊലീത്തയായി പ്രഖ്യാപിച്ചത്. തിരുവനന്തപുരം പുതിയതുറ സ്വദേശിയാണ്. ഞായറാഴ്ച വൈകീട്ട് 4.30-ന് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന അനുമോദന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.