തിരുവനന്തപുരം: അന്തരിച്ച പരശുവയ്ക്കൽ ധാർമികം ആശ്രമം മഠാധിപതി സ്വാമി ധർമാനന്ദസ്വരൂപ ഹനുമാൻ ദാസിന് (78) ആദരാഞ്ജലികൾ. കളരിപ്പയറ്റ്, മർമവിജ്ഞാനം, കളരി ചികിത്സ എന്നിവയുടെ ആചാര്യനും ദേശീയ, രാജ്യാന്തര തലങ്ങളിൽ അതിന്റെ പ്രചാരണത്തിനായി അതുല്യ സംഭാവനകൾ നൽകുകയും ചെയ്ത വ്യക്തിത്വമാണ് അദ്ദേഹം.

വഴുതക്കാട് ആസ്ഥാനമായി ഇന്ത്യൻ സ്‌കൂൾ ഓഫ് മാർഷ്യൽ ആർട്‌സ് എന്ന കളരി ആരംഭിച്ചാണ് അദ്ദേഹം ഈ രംഗത്തെത്തുന്നത്. തിരുവിതാംകൂർ രാജകുടുംബത്തിന്റെ നിർദേശപ്രകാരമായിരുന്നു ഇത്. പൊലീസ് ട്രെയ്‌നിങ് കോളജിൽ കേരള പൊലീസിന്റെ ആയോധന കലാ പരിശീലകനായും ഏറെ നാൾ പ്രവർത്തിച്ചു. കളരിപ്പയറ്റിന്റെ പ്രചാരകനായി രാജ്യത്തിനകത്തും പുറത്തും സഞ്ചരിച്ചു പതിനായിരങ്ങൾക്കു പരിശീലനം നൽകി. ബിബിസി, ഡിസ്‌കവറി ഉൾപ്പെടെ ചാനലുകൾ അദ്ദേഹത്തെക്കുറിച്ചു പരിപാടി ചെയ്തു.

പൂർവാശ്രമത്തിൽ ബാലചന്ദ്രൻ നായർ എന്നാണു പേര്. ഭാര്യ: രാമാദേവി. മക്കൾ: ഗായത്രി ബാലചന്ദ്രൻ, ഡോ. ഗിരീഷ് ബി.ചന്ദ്രൻ. മരുമക്കൾ: ഷാജി ശ്രീധർ, ഡോ. മഞ്ജു ഗിരീഷ്.