കെന്റക്കി: സ്വവർഗ വിവാഹം രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ച കെന്റാക്കി കൗണ്ടി മുൻ ക്ലാർക്ക് കിം ഡേവിസ് ഭരണഘടനാ ലംഘനം നടത്തിയതായി ഫെഡറൽ ജഡ്ജി ഡേവിഡ് ബണ്ണിങ് വെള്ളിയാഴ്ച വിധിച്ചു. സ്വവർഗ വിവാഹിതരായ മൂന്നു ദമ്പതിമാർ കൗണ്ടി ക്ലാർക്കിനെതിരെ സമർപ്പിച്ച സിവിൽ സ്യൂട്ട് പിൻവലിക്കണമെന്ന കിം ഡേവിസിന്റെ ആവശ്യവും ജഡ്ജി നിരാകരിച്ചു.

അതിനു ശേഷമാണ് പുതിയ ഉത്തരവിട്ടത്. ദമ്പതികൾക്കുണ്ടായ പ്രശ്നത്തിന് നഷ്ടപരിഹാരം നൽകുന്ന കാര്യം ജൂറി തീരുമാനിക്കണമെന്നും ജഡ്ജി പറഞ്ഞു.

കെന്റാക്കി ഈസ്റ്റേൻ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജിയാണ് വിധി പ്രസ്താവിച്ചത്. 2015 മുതൽ കോടതിയിലുള്ള കേസിലാണ് ഇപ്പോൾ വഴിത്തിരിവുണ്ടായിരിക്കുന്നത്. 2015ൽ ഈ കേസിൽ അഞ്ചു ദിവസം ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു.

ക്രിസ്ത്യൻ വിശ്വാസമനുസരിച്ച് സ്വവർഗ വിവാഹത്തെ അംഗീകരിക്കാൻ കഴിയില്ലെന്നും അതാണ് വിവാഹം രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചതെന്നുമാണ് കിം ഡേവിസ് നേരത്തെ കോടതിയിൽ പറഞ്ഞത്. സുപ്രീം കോടതി വിവാഹം നിയമവിധേയമാക്കിയിട്ടും അതിനെ എതിർത്തത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയ ജഡ്ജി ഇവരെ ജയിലിൽ അയക്കണമെന്നും നിർദേശിച്ചു.

മുൻപ് ഡോണൾഡ് ട്രംപ് ഭരണത്തിലുള്ളപ്പോൾ ഈ വിഷയം വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഒരു പരിധിവരെ ട്രംപ് ഡേവിസിനെ അനുകൂലിക്കുകയും ചെയ്തിരുന്നു. കേസിൽ ഏപ്രിൽ ഒന്നിന് വിധി പറയും.