വാഷിങ്ടൺ ഡിസി: അമേരിക്കയിൽ കോവിഡ് കേസുകൾ വരും ആഴ്ചകളിൽ ഉയരാൻ സാധ്യതയുണ്ടെന്ന് വൈറ്റ്ഹൗസ് ഉപദേശകൻ ആന്റണി ഫൗച്ചി. ഓമിക്രോൺ വേരിയന്റിന്റെ വ്യാപനം രാജ്യവ്യാപകമായി കുറഞ്ഞുവെന്ന് ആശ്വസിച്ചിരിക്കുന്പോഴാണ് ഫൗച്ചിയുടെ ഈ മുന്നറിയിപ്പ്.

അടുത്ത ആഴ്ചകളിൽ കോവിഡ് കേസുകൾ വർധിച്ചാൽ അതിൽ അദ്ഭുതപ്പെടേണ്ടതില്ലെന്ന് മാർച്ച് 18 നു ഒരു പ്രത്യേക മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഫൗച്ചി തന്റെ വിലയിരുത്തൽ പരസ്യമാക്കിയത്.

ഗണമായതോ, കുറഞ്ഞതോ, മോഡറേറ്ററായതോ ആയ വ്യാപനത്തിൽ ഏതിനാണ് സാധ്യത എന്ന് ഇപ്പോൾ പ്രവചിക്കാനാവില്ല. കഴിഞ്ഞ രണ്ടു മാസമായി രാജ്യത്തു കോവിഡ് കേസുകൾ കുറഞ്ഞുവന്നിരുന്നുവെന്നും ഫൗച്ചി കൂട്ടിചേർത്തു.

ഒമിക്രോണിനുശേഷം ബിഎ2 എന്ന വേരിയന്റിന്റെ വ്യാപനം ഉണ്ടാകാനാണ് കൂടുതൽ സാധ്യത. ഇപ്പോൾതന്നെ ഇത്തരം കേസുകൾ പല സ്ഥലങ്ങളിലും സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു.

രണ്ടുവർഷമായി അമേരിക്കയിൽ കർശനമായി നടപ്പാക്കിയിരുന്ന പാൻഡമിക് പോളിസികൾ (മാസ്‌കും സാമൂഹ്യ അകലവും) സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ നിർദേശാനുസരണം എടുത്തുമാറ്റിയിരുന്നു. ഇതു പുനർവിചിന്തനത്തിനു വിധേയമാക്കേണ്ടിവരുമോ എന്നു പറയാനാകില്ലെന്നും ആന്റണി ഫൗച്ചി കൂട്ടിചേർത്തു.