- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുക്രൈൻ യുദ്ധം അവസാനിപ്പിക്കണം: ന്യൂ ഡൽഹി രാജ്ഘട്ട് ഗാന്ധി സമാധിയിൽ വിശ്വ സമാധാന പ്രാർത്ഥന സംഘടിപ്പിച്ചു
ന്യൂ ഡൽഹി: യുക്രൈൻ യുദ്ധം അവസാനിപ്പിക്കണം എന്നാവിശ്യപ്പെട്ട് ന്യൂ ഡൽഹി രാജ്ഘട്ട് മഹാത്മാ ഗാന്ധി സമാധിയിൽ യുദ്ധവിരുദ്ധ മൗന പ്രതിഷേധവും വിശ്വ സമാധാന പ്രാർത്ഥനയും സംഘടിപ്പിച്ചു.
ദേശീയ സന്നദ്ധ സംഘടനകളായ നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് കൗൺസിലിന്റെയും (എൻ. സി. ഡി. സി.) ഇന്ത്യൻ സൊസൈറ്റി ഫോർ ലിറ്ററസി ഡെവലപ്പ്‌മെന്റിന്റെയും (ഐ. എസ്. എൽ. ഡി.) സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. രാജ്യത്തിന്റെ പല ഭാഗത്തുനിന്നുമുള്ള നിരവധിപേർ രാജ്യ തലസ്ഥാനത്തു നടത്തിയ സമാധാന പ്രതിഷേധത്തിലും മൗന പ്രാർത്ഥനയിലും പങ്കെടുത്തു.
എൻ. സി. ഡി. സി. മാസ്റ്റർ ട്രെയിനറും ഗ്ലോബൽ ഗുഡ്വിൽ അംബാസഡറുമായ ബാബ അലക്സാണ്ടർ, ഐ. എസ്. എൽ. ഡി. പ്രസിഡന്റ് കെ. പി. ഹരീന്ദ്രൻ ആചാരി, ഡൽഹി ശാന്തിഗിരി ആശ്രമം മേധാവി സ്വാമി സായൂജ്യനാഥ്, ഇന്റർനാഷൻ സെന്റർ ഫോർ എഡ്യൂക്കേഷൻ & ട്രെയിനിങ് ലിമിറ്റഡ് (ഐ. സി. ഇ. റ്റി.) ഡയറക്ടർ, തോമസ് കെ. എൽ. എൻ. സി. ഡി. സി. ഡൽഹി ഓഫീസ് മാനേജർ രഞ്ജിത് വർഗീസ്, എൻ. സി. ഡി. സി. ഫാക്കൽറ്റി യോമിച്ചോൺ രംഗോയ്, ബൽദേവ് സിങ്, അഡ്വ. സുബ്തീർത്ഥ രഞ്ജൻ, ശ്രീകുമാർ വി. ജി. തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
യുദ്ധത്തിൽ ഇരകളായ മുഴുവൻ ആളുകൾക്കുവേണ്ടിയും നടത്തിയ പ്രാർത്ഥനക്ക് ഡിസ്ട്രസ്സ് മാനേജ്‌മെന്റ് കളക്റ്റീവ് ചെയർപേഴ്‌സൺ, അഡ്വ. ദീപ ജോസഫ് നേതൃത്വം നൽകി.
ലോക മഹായുദ്ധത്തിന്റെ സാധ്യത ഡമോക്ലിസിന്റെ വാൾ പോലെ ലോകത്തിനുമുന്നിൽ തൂങ്ങിക്കിടക്കുന്നതായും, വീണ്ടും ഒരു ലോകമഹായുദ്ധം ഈ ഭൂമിയിൽനിന്ന് എല്ലാ ജീവജാലങ്ങളെയും തുടച്ചുനീക്കിയേക്കാമെന്നും ബാബ അലക്സാണ്ടർ പറഞ്ഞു. ഏതെങ്കിലും യുദ്ധക്കൊതിയനായ ഭരണാധികാരിക്കുമുൻപിൽ അടിയറവു വയ്ക്കാനുള്ളതല്ല ലോകം ഇന്നുവരെ നേടിയെടുത്ത പുരോഗതിയും ഉയർച്ചയുമെന്നും, അതിനാൽ യുദ്ധത്തിനെതിരായ പ്രതിഷേധത്തിൽ എല്ലാ ജനങ്ങളും പങ്കുചേരണമെന്നും അദ്ദേഹം പറഞ്ഞു.
മഹാത്മാ ഗാന്ധിജി അഹിംസയുടെയും സമാധാനത്തിന്റെയും പതാക വാഹകനായിരുന്നതിനാലാണ് അദ്ദേഹത്തിന്റെ സമാധിസ്ഥലം യുദ്ധവിരുദ്ധ മൗന പ്രതിഷേധത്തിനും, സമാധാന പ്രാർത്ഥനക്കും തെരഞ്ഞെടുത്തതെന്ന് സംഘാടകർ പറഞ്ഞു.
യുക്രൈൻ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് സമാധാന പ്രതിഷേധത്തിൽ പങ്കെടുത്തവർ ഏക സ്വരത്തിൽ ആവശ്യപ്പെട്ടതായി പ്രോഗ്രാം കോർഡിനേറ്റർ ഡോ. ശ്രുതി ഗണേശ് പറഞ്ഞു.