ന്യൂഡൽഹി: രാജ്യത്തെ കേന്ദ്ര സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിന് ഇനി മുതൽ പൊതുപരീക്ഷ. ദേശീയ വിദ്യാഭ്യസ നയത്തിന്റെ ഭാഗമാണ് കേന്ദ്ര സർവകലാശാലകളിലെ പ്രവേശന നടപടികളിലെ മാറ്റം. ജെ.എൻ.യു, ഡൽഹി തുടങ്ങി 45 സർവകലാശാലകളിലെ പ്രവേശനത്തിന് അടുത്ത അധ്യയന വർഷം മുതൽ വിദ്യാർത്ഥികൾ പൊതുപരീക്ഷ എഴുതണം.

ജൂലായിൽ ആദ്യ പ്രവേശന പരീക്ഷ നടക്കും. മലയാളം ഉൾപ്പെടെ 13 ഭാഷകളിൽ പരീക്ഷ എഴുതാം. പന്ത്രണ്ടാം ക്ലാസ് സിബിഎസ്സി സിലബസ് പ്രകാരമുള്ള ചോദ്യങ്ങളാകും പ്രവേശന പരീക്ഷയിലുണ്ടാകുകയെന്ന് യുജിസി അറിയിച്ചു.

സംവരണത്തെ ബാധിക്കില്ലെങ്കിലും ന്യൂനപക്ഷ പദവിയുള്ള സർവകലാശാലകളും പുതിയ ഉത്തരവിന്റെ പരിധിയിൽ വരുമെന്ന് യുജിസി ഉത്തരവിൽ പറയുന്നു. നാഷണൽ ടെസ്റ്റ് ഏജൻസിക്കാണ് പ്രവേശന പരീക്ഷാ നടത്തിപ്പിന്റെ ചുമതല.

മിക്ക കേന്ദ്ര സർവകലാശാലകളിലും ഇതുവരെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മാർക്ക് പരിഗണിച്ചായിരുന്നു ബിരുദ പ്രവേശനം. ചിലയിടങ്ങളിൽ സർവ്വകലാശാല തന്നെ പ്രവേശന പരീക്ഷകൾ നടത്തി. എന്നാൽ പ്രവേശന മാനദണ്ഡത്തിലെ പുതിയ മാറ്റം വലിയ വിമർശനങ്ങൾക്കും വഴിയൊരുക്കി. വിദ്യാഭ്യാസം കൂടുതൽ കച്ചവടവത്ക്കരിക്കപ്പെടുമെന്നും പാർശ്വവത്ക്കപ്പെട്ട സമൂഹം തഴയപ്പെടുമെന്നും വിമർശനം ഉയരുന്നു.

ഡൽഹി, ജെഎൻയു ഉൾപ്പെടെയുള്ള സർവ്വകലാശാലകളിൽ തെക്കേയിന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾ കൂടുതലായി പ്രവേശനം നേടിയപ്പോൾ മാർക്ക് ജിഹാദ് എന്ന ആരോപണം സംഘപരിവാർ അനുകൂല സംഘടനകളും വ്യക്തികളും ഉയർത്തിയിരുന്നു. ഇതിന്റെ തുടർച്ചയാണ് പ്രവേശന മാനദണ്ഡത്തിലെ മാറ്റമെന്ന് എസ്എഫ്‌ഐ കുറ്റപ്പെടുത്തി. യുജിസി നടപടി വിവേചനപരമെന്നും എസ്എഫ്‌ഐ ചൂണ്ടിക്കാട്ടി

സിബിഎസ്സി സിലബസ് പ്രകാരം പ്രവേശന പരീക്ഷ നടത്തുമ്പോൾ സംസ്ഥാന സിലബസിൽ പഠിക്കുന്ന കുട്ടികൾ പിന്തള്ളപ്പെടാൻ സാധ്യതയേറെയാണ് എന്ന് വിദ്യാഭ്യാസ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.