തിരുവനന്തപുരം: എസ്. സി, എസ്. ടി മേഖലയിലെ ഭരണകൂട തട്ടിപ്പിനും ആസൂത്രിതമായ കൈകടത്തലിനും സംവരണ അട്ടിമറിക്കുമെതിരെ വെൽഫെയർ പാർട്ടി സെക്രട്ടറിയേറ്റിനു മുന്നിൽ സംഘടിപ്പിക്കുന്ന അവകാശ സംരക്ഷണ പ്രക്ഷോഭം മാർച്ച് 24 - ന് (വ്യാഴം) ദേശീയ സെക്രട്ടറി അജിത് യാദവ് മുഖ്യാതിഥിയായി പങ്കെടുത്ത് ഉദ്ഘാടനം ചെയ്യും. എസ്. സി, എസ്. ടി സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് സെൽ പുനഃസ്ഥാപിക്കുക, എയ്ഡഡ് - സ്വകാര്യ മേഖല സംവരണം നടപ്പിലാക്കുക, എസ്. സി / എസ്. ടി ഫണ്ട് തട്ടിപ്പ് തടയുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് മാർച്ച് 24 - ന് രാവിലെ 10 മണി മുതൽ നടക്കുന്ന പ്രക്ഷോഭത്തിൽ വിവിധ സാംസ്‌കാരിക, രാഷ്ട്രീയ, സമുദായ നേതാക്കൾ പങ്കെടുക്കും.

ആദിവാസി - ദളിത് സമൂഹങ്ങളുടെ പുരോഗതിയെ തടയുന്ന ബോധപൂർവമായ ശ്രമങ്ങൾ ഉദ്യോഗസ്ഥ - ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് നിരന്തരം ഉണ്ടാകുന്നുവെന്ന് പരിപാടിയുടെ കൺവീനർ കൂടിയായ വെൽഫെയർ പാർട്ടി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി മിർസാദ് റഹ്‌മാൻ പത്രക്കുറിപ്പിൽ പറഞ്ഞു. കെ.കെ ബാബുരാജ്, സണ്ണി എം. കപിക്കാട്, ഇന്ത്യൻ ലേബർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ സജീവ്, അനന്തു രാജ് (അംബേദ്കറൈറ്), വിനിൽ പോൾ, സതിശ്രീ ദ്രാവിഡ് (ആദിശക്തി സമ്മർ സ്‌കൂൾ), അഖിൽജിത് കല്ലറ (ബഹുജൻ യൂത്ത് മൂവ്‌മെന്റ്), വെൽഫെയർ പർട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് സുരേന്ദ്രൻ കരിപ്പുഴ, സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷെഫീഖ് തുടങ്ങിയവർ പ്രക്ഷോഭ പരിപാടിയിൽ പങ്കെടുക്കും.