മലപ്പുറം: ഇന്നു മലപ്പുറം കൊണ്ടോട്ടിയിൽ ലോറി സ്വകാര്യ ബസിലിടിച്ചു മറിഞ്ഞു ആരോഗ്യ പ്രവർത്തക മരിച്ച സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരേ മനഃപൂർവമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു. മറിഞ്ഞ ബസ് ഉയർത്തിയത് ജെസിബി ഉപയോഗിച്ചാണ്. അപകടത്തിൽ 20 പേർക്ക് പരിക്കേറ്റിരുന്നു.

ഒഴുകൂർ നെരവത്ത് സുജീഷിന്റെ ഭാര്യ സി. വിജി (26)യാണ് മരിച്ചത്. ഇന്നു രാവിലെ ആറു മണിയോടെ കോഴിക്കോട്-പാലക്കാട് ദേശീയപാത കൊണ്ടോട്ടി ബൈപ്പാസ് റോഡിലായിരുന്നു അപകടം. കൊണ്ടോട്ടി ഭാഗത്തു നിന്നു വരികയായിരുന്ന ടോറസ് ലോറി നിയന്ത്രണം വിട്ടു ഡിവൈഡറിൽ കയറി കാളികാവിൽ നിന്നു കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസിലിടിക്കുകയായിരുന്നു.

ഓടിക്കൊണ്ടിരുന്ന ബസ് ഇടിയുടെ ആഘാതത്തിൽ മറിഞ്ഞു. വാഹനത്തിനുള്ളിൽ നിന്നു ഏറെ പണിപെട്ട് നാട്ടുകാർ പരിക്കേറ്റവരെ പുറത്തെടുത്ത് ഉടൻ കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വിജി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നഴ്സിങ് ഓഫീസറാണ് വിജി. മൊറയൂരിൽ നിന്നു ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം.

നാലു മാസം മുമ്പായിരുന്നു വിജിയുടെ വിവാഹം. വിജിയുടെ ജന്മദിനം കൂടിയായിരുന്നു ഇന്നലെ. പിതാവ്: കുഷ്ണൻ കുനിയിൽ(വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി). മാതാവ്: ദേവകി. സഹോദരങ്ങൾ: ശിഖറിയ, ലിജി. അപകടം വരുത്തിയ ലോറി ഡ്രൈവർക്കെതിരേ മനഃപൂർവമല്ലാത്ത നരഹത്യക്കെതിരെ കൊണ്ടോട്ടി പൊലീസ് കേസെടുത്തു. മറിഞ്ഞ ബസ് ജെസിബി ഉപയോഗിച്ചാണ് ഉയർത്തിയത്. അപകടത്തിൽ സമീപത്തെ വൈദ്യുതി തൂണും തകർന്നു. നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.