റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 120 ആനിവേഴ്‌സറി പതിപ്പ് ഗാരിജിലെത്തിച്ച് യുവതാരം ധ്യാൻ ശ്രീനിവാസൻ. കൊച്ചിയിലെ റോയൽ എൻഫീൽഡ് കമ്പനി സ്റ്റോറിൽ നിന്നാണ് ബൈക്ക് പ്രേമിയായ ധ്യാൻ പുതിയ വാഹനം സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം ഒരു മിനി കൂപ്പറും ബിഎംഡബ്ല്യു എക്‌സ് 6ഉം താരം ഗാരിജിലെത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആനിവേഴ്‌സറി പതിപ്പും താരം സ്വന്തമാക്കിയത്.

ബുക്കിങ് തുടങ്ങി വെറും 120 സെക്കൻഡിനുള്ളിൽ തന്നെ ഇന്ത്യയ്ക്ക് അനുവദിച്ച 120 യൂണിറ്റും വിറ്റു തീർത്ത് റോയൽ എൻഫീൽഡ് ചരിത്രം സൃഷ്ടിച്ചിരുന്നു. കോണ്ടിനന്റൽ ജി ടി 650, ഇന്റർസെപ്റ്റർ 650 എന്നിവയുടെ ആനിവേഴ്‌സറി എഡീഷൻ വിഭാഗത്തിൽ ആകെ 480 യൂണിറ്റ് മാത്രമാവും ലോകവ്യാപകമായി വിൽപനയ്‌ക്കെത്തിയത്. കഴിഞ്ഞ വർഷം നടന്ന മിലാൻ മോട്ടോർ സൈക്കിൾ ഷോ(ഇഐസിഎംഎ)യിലാണ് റോയൽ എൻഫീൽഡ് ട്വിൻസ് ആനിവേഴ്‌സറി എഡീഷൻ പുറത്തിറങ്ങുന്നത്.

മോട്ടർ സൈക്കിൾ നിർമ്മാണ മേഖലയിൽ റോയൽ എൻഫീൽഡ് 120 വർഷം പിന്നിടുന്നതിന്റെ ആഘോഷമായാണു 650 ട്വിൻസ് ആനിവേഴ്‌സറി എഡീഷൻ. സവിശേഷ ബാഡ്ജിങ്ങും പ്രത്യേക ലിവറിയുമൊക്കെയായിട്ടാണു ബൈക്കുകളുടെ വരവ്. കോണ്ടിനെന്റൽ ജി ടി 650, ഇന്റർസെപ്റ്റർ 650 എന്നിവയുടെ ആനിവേഴ്‌സറി എഡീഷൻ വകഭേദത്തെ കലക്ടേഴ്‌സ് എഡീഷൻ എന്നാണു നിർമ്മാതാക്കൾ വിശേഷിപ്പിക്കുന്നത്.

പിച്ചളയിൽ കൈ കൊണ്ടു കൊത്തിയെടുത്ത ടാങ്ക് ബാഡ്ജ് സഹിതമെത്തുന്ന ആനിവേഴ്‌സറി എഡീഷന് റിച്ച് ബ്ലാക്ക് ക്രോം നിറമാണ്. ആനിവേഴ്‌സറി എഡീഷനിൽ ഉപയോഗിക്കുന്ന അക്‌സസറി കിറ്റുകൾക്ക് സവിശേഷ ബ്ലാക്ക്ഡ് ഔട്ട് നിറമാണു റോയൽ എൻഫീൽഡ് തിരഞ്ഞെടുത്തിരിക്കുന്നത്. ഒപ്പം മൂന്നു വർഷത്തെ പതിവു വാറന്റിക്കു പുറമെ നാലും അഞ്ചും വർഷങ്ങളിലേക്കു നീളുന്ന ദീർഘിപ്പിച്ച വാറന്റിയും ഈ പരിമിതകാല പതിപ്പിനു നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

648 സിസി കപ്പാസിറ്റിയുള്ള പാരലൽ ട്വിൻ എയർ കൂൾഡ് എൻജിനാണ് ബൈക്കിന് കരുത്ത് പകരുന്നത്. 7100 ആർപിഎമ്മിൽ 47 ബിഎച്ച്പി കരുത്തും 4000 ആർപിഎമ്മിൽ 52 എൻഎം ടോർക്കും ഉത്പാദിപ്പിക്കും ഈ എൻജിൻ. ആറു സ്പീഡാണ് ട്രാൻസ്മിഷൻ.