തിരുവനന്തപുരം: നിരക്കുവർധിപ്പിക്കാമെന്ന് ഉറപ്പു നൽകിയിട്ടും നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസ് ഉടമകളുടെ അനിശ്ചിതകാല സമരം തുടങ്ങി. 12,000 സ്വകാര്യ ബസുകളിൽ കോവിഡ് കാലത്തിനു ശേഷം സർവീസിനിറങ്ങിയത് 5500 ബസുകളാണ്. സമരത്തിന്റെ ഭാഗമായി ഈ ബസുകൾ നിരത്തിലിറക്കില്ലെന്നു ബസ് ഓപ്പറേറ്റേഴ്‌സ് കോ ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ ജോൺസൺ പയ്യപ്പിള്ളിയും സംയുക്ത സമരസമിതി ചെയർമാൻ ലോറൻസ് ബാബുവും പറഞ്ഞു.

യാത്രാനിരക്കു വർധിപ്പിക്കണമെന്ന ആവശ്യം അംഗീകരിച്ചതാണെന്നും എന്നു മുതൽ കൂട്ടണം എന്നു മാത്രമാണ് ഇനി തീരുമാനിക്കേണ്ടതെന്നും മന്ത്രി ആന്റണി രാജു അറിയിച്ചു. ജനത്തെ ബുദ്ധിമുട്ടിക്കാതെ സമരത്തിൽ നിന്നു പിന്മാറണമെന്നു മന്ത്രി ആവശ്യപ്പെട്ടു.

അതേസമയം ബസ്, ഓട്ടോ, ടാക്‌സി ചാർജ് വർധന ഇടതുമുന്നണി നേതാക്കളുമായുള്ള ചർച്ചയ്ക്കുശേഷം മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തിയേക്കും. ബസിന്റെ മിനിമം ചാർജ് 10 രൂപയാക്കി ഉയർത്താനാണു ധാരണ. കിലോമീറ്റർ നിരക്കിലും വർധനയുണ്ടാകും. ഓട്ടോയുടെ മിനിമം ചാർജ് 30 രൂപയും കിലോമീറ്റർ നിരക്ക് 15 രൂപയുമാക്കി ഉയർത്താനും ശുപാർശ സമർപ്പിച്ചിട്ടുണ്ട്.