- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബർത്ത്ഡേ പാർട്ടിക്ക് എംഡിഎംഎ എത്തിക്കാൻ ഇടനിലക്കാരനെ കാത്തുനിൽക്കുമ്പോൾ വലയിൽ വീണു; കൊച്ചിയിൽ മൂന്നര ഗ്രാം 'പാർട്ടി ഡ്രഗുമായി' കോളേജ് വിദ്യാർത്ഥി പിടിയിൽ
കൊച്ചി: 'പാർട്ടി ഡ്രഗ്ഗ് 'എന്നറിയപ്പെടുന്ന മാരക മയക്കുമരുന്നുമായി കോളേജ് വിദ്യാർത്ഥി പിടിയിൽ. എറണാകുളം ടൗൺ ഭാഗങ്ങളിൽ എക്സൈസ് നടത്തിയ രഹസ്യ നീക്കത്തിലാണ് വൈറ്റില- പൊന്നുരുന്നി മണ്ണാറക്കര റോഡിൽ, കാക്കനം വീട്ടിൽ മനുനാഥി(21)നെ മാരക രാസലഹരി മരുന്നുമായി കസ്റ്റഡിയിൽ എടുത്തത്.
അതീവ രഹസ്യമായി നടത്തപ്പെടുന്ന റേവ് പാർട്ടികളിൽ ഉപയോഗിച്ച് വരുന്ന 'പാർട്ടി ഡ്രഗ്ഗ് ' എന്ന വിളിപ്പേരുള്ള അതിമാരകമായ മെതലിൻ ഡയോക്സി മെത്താഫിറ്റമിനാണ് (എം ഡി എം എ )ഇയാളിൽ നിന്ന് കണ്ടെടുത്തത്. 3.5 ഗ്രാം (മൂന്നര ഗ്രാം) രാസലഹരി മരുന്ന് പിടിച്ചെടുത്തു. ഇയാൾ മയക്ക് മരുന്ന് വിൽപ്പനയ്ക്ക് ഉപയോഗിച്ചിരുന്ന ന്യൂജനറേഷൻ ബൈക്കും കസ്റ്റഡിയിൽ എടുത്തു. ആവശ്യക്കാർക്ക് അവർ പറയുന്ന സ്ഥലങ്ങളിൽ ഇടനിലക്കാർ വഴി മയക്ക് മരുന്ന് എത്തിച്ച് കൊടുത്തിരുന്നതുകൊണ്ട് ഇയാളിൽ നിന്ന് നിരവധി പേർ മയക്ക് മരുന്ന് വാങ്ങി ഉപയോഗിച്ചതായി സൂചനയുണ്ട്.
എറണാകുളം നോർത്ത് ഭാഗത്ത് നടത്തപ്പെട്ടിരുന്ന ബർത്ത്ഡേ പാർട്ടിക്ക് മയക്ക് മരുന്ന് എത്തിക്കുന്നതിന് വേണ്ടി എറണാകുളം നോർത്ത് സെന്റ് ബനഡിക്ട് റോഡിൽ ഇടനിലക്കാരനെ കാത്തു നിൽക്കുമ്പോഴാണ് ഇയാൾ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. പതിവായി എറണാകുളം ടൗൺ ഭാഗങ്ങളിൽ മയക്ക് മരുന്ന് എത്തിച്ച് കൊടുത്തിരുന്ന ഇയാളെ കുറിച്ചുള്ള രഹസ്യ വിവരം എക്സൈസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാൾ ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
ഗോവ, ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിലുള്ള സുഹൃത്തുക്കൾ വഴിയാണ് ഇയാൾ മയക്ക് മരുന്ന് എത്തിച്ചിരുന്നത്. ഗ്രാമിന് 2000- ത്തിൽ പരം രൂപയ്ക്ക് വാങ്ങി 4000 മുതൽ 7000 രൂപ നിരക്കിൽ മറിച്ച് വിൽപ്പന നടത്തിവരുകയായിരുന്നു. പാർട്ടി ഡ്രഗ്ഗ് എന്നും മെത്ത് എന്നും അറിയപ്പെടുന്ന ഈ രാസലഹരി ഏകദേശം 8 മണിക്കൂർ മുതൽ 12 മണിക്കൂർ വരെ ഉന്മാദാവസ്ഥയിൽ തുടരുവാൻ ശേഷിയുള്ള അത്ര മാരകമാണ്.
ഇത്തരത്തിലുള്ള ലഹരി ഉപയോഗിക്കുന്നത് ആർക്കും തിരിച്ചറിയുവാൻ കഴിയില്ല എന്നതും ഉപയോഗിക്കുവാനുള്ള എളുപ്പവുമാണ് യുവാക്കളെ ഇതിലേക്ക് ആകർഷിക്കുന്നത്. ഇത് ഉപയോഗിച്ച് തുടങ്ങിയാൽ ഇതിൽ കുറഞ്ഞ മറ്റൊരു ലഹരിയിലേയക്ക് ഇറങ്ങി ചെല്ലുവാൻ കഴിയില്ലായെന്നത് ഇതിന്റെ വലിയൊരു അപകടാവസ്ഥയായി വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
ഈ ഇനത്തിൽപ്പെട്ട സിന്തറ്റിക് ഡ്രഗ്ഗ് അര ഗ്രാമിൽ കൂടുതൽ കൈവശം വച്ചാൽ 10 വർഷത്തെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും കിട്ടാവുന്ന കുറ്റമാണ്. ഇയാളുടെ മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. എറണാകുളം റേഞ്ച് ഇൻസ്പെക്ടർ എം.എസ്. ഹനീഫ, അസ്സി. ഇൻസ്പെക്ടർ കെ. ആർ. രാംപ്രസാദ്, സിറ്റി മെട്രോ ഷാഡോയിലെ എൻ.ഡി. ടോമി, എൻ.ജി. അജിത് കുമാർ, സിവിൽ എക്സൈസ് ഓഫീസമാരായ ബി.ജിതീഷ് , ടി. അഭിലാഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
മറുനാടന് മലയാളി ലേഖകന്.