- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലങ്കയിലെ ദുരിതം; ആയിരങ്ങൾ തമിഴ്‌നാട്ടിലേക്ക് എത്താൻ സാധ്യത
ചെന്നൈ: ലങ്കയിലെ ദുരിതങ്ങൾ മൂലം വരുംദിവസങ്ങളിൽ ആയിരങ്ങൾ തമിഴ്‌നാട്ടിലേക്ക് എത്താൻ സാധ്യത. അനധികൃതമായി അഞ്ച് കുട്ടികൾ അടക്കം 10 പേർ കൂടി കടൽ കടന്ന് രാമേശ്വരം തീരത്ത് എത്തിയതോടെ രണ്ട് ദിവസത്തിനുള്ളിൽ പിടിയിലായവരുടെ എണ്ണം 16 ആയി. ഇവരിൽ 15 പേരെ ജയിലിലേക്കു മാറ്റി. ഒരു കുട്ടിയെ തമിഴ്‌നാട്ടിലെ ബന്ധുവിനൊപ്പം വിട്ടു. രാജ്യത്ത് അതിക്രമിച്ചു കയറിയാലുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണു ജയിലിലേക്കു മാറ്റിയത്.
വിലക്കയറ്റം മൂലം പൊറുതി മുട്ടുകയാണ് ലങ്കയിലെ ജനങ്ങൾ. ഒരുനേരത്തെ ഭക്ഷണത്തിന് 1000 ലങ്കൻ രൂപ വരെ നൽകേണ്ട സാഹചര്യമാണെന്ന് ഇവർ പറയുന്നു. പണം നൽകിയാലും അരിയും പലവ്യഞ്ജനങ്ങളും കിട്ടാനില്ല. ഇന്ധനം തീർന്നു നടുറോഡിൽ നിശ്ചലമാകുകയാണ് സ്വകാര്യവാഹനങ്ങളും ടാക്‌സികളും. പണപ്പെരുപ്പം മൂലം ശ്രീലങ്ക കലാപത്തിന്റെ വക്കിലേക്കു നീങ്ങുകയാണ്.
ചൊവ്വാഴ്ച രാത്രിയെത്തിയ പത്തംഗസംഘം 3 ലക്ഷം രൂപ നൽകിയാണ് ഫൈബർ ബോട്ട് സംഘടിപ്പിച്ചത്. ലങ്കയിലെ മാന്നാറിൽ നിന്ന് ബോട്ടിൽ കയറിയ ഇവരെ രാമേശ്വരത്തിനു സമീപം കടലിലെ അരിച്ചൽമുന ഭാഗത്തുള്ള ചെറിയ മണൽകൂനകളിൽ ഇറക്കിവിട്ടു.
കൂടുതൽ പേരെത്തുമെന്ന വിവരത്തെത്തുടർന്ന് ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള പാക്ക് കടലിടുക്കിൽ തീരസേന പരിശോധന കർശനമാക്കി. പണപ്പെരുപ്പം വീണ്ടുമുയർന്നതോടെ ശ്രീലങ്ക കലാപത്തിന്റെ വക്കിലേക്കു നീങ്ങുകയാണ്. പെട്രോൾ വാങ്ങാൻ വരിനിൽക്കുന്നവർ തമ്മിൽ സംഘട്ടനം വ്യാപകമായതോടെ ഇന്ധന വിതരണ കേന്ദ്രങ്ങളുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. ഡീസൽ ക്ഷാമത്തെത്തുടർന്ന് വൈദ്യുത നിലയങ്ങൾ ഭാഗികമായി അടച്ചു.
ലങ്കൻ രൂപ ഇന്നലെയും തകർന്നടിഞ്ഞു. നിലവിൽ ഒരു യുഎസ് ഡോളർ കിട്ടണമെങ്കിൽ 295 രൂപ നൽകണം. 270-279 രൂപ നിരക്കിലാണ് ബാങ്കുകൾ ഡോളർ വാങ്ങുന്നത്. ഡോളറിൽ മാത്രമേ ഇടപാട് നടത്തൂവെന്ന് കപ്പൽ കമ്പനികൾ അറിയിച്ചതോടെ കൊളംബോ തുറമുഖത്ത് ഇറക്കിയ 1500 കണ്ടെയ്‌നർ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യാനുമായില്ല. നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ ഇന്ത്യ നൽകിയ 100 കോടി ഡോളർ ക്രെഡിറ്റ് ലൈൻ വായ്പ ഇറക്കുമതിക്ക് ഉപയോഗിക്കാൻ കഴിഞ്ഞില്ല.