- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹായാഭ്യർത്ഥനയുമായി ആശുപത്രിയിലേക്ക് ഓടിയെത്തി അതിഥി തൊഴിലാളി: രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ
കോട്ടയം: വീട്ടിൽ പ്രസവിച്ച അതിഥി തൊഴിലാളി യുവതിക്ക് രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. രാജസ്ഥാൻ സ്വദേശിയും നിലവിൽ എരുമേലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം താമസവുമായ സഞ്ജയുടെ ഭാര്യ ആർത്തി(30)ക്കും ആൺ കുഞ്ഞിനുമാണ് കനിവ് 108 ആംബുലൻസ് പൈലറ്റ് ആന്റണി ജോസഫ്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ രാഖിൽ സി.ആർ എന്നിവർ രക്ഷകരായത്. വീട്ടിൽ പ്രസവിച്ച ഭാര്യക്ക് വൈദ്യസഹായം ഒരുക്കണമെന്ന് അഭ്യർത്ഥിച്ച് വ്യാഴാഴ്ച രാവിലെ 6.30നാണ് എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് സഞ്ജയ് ഓടി എത്തുന്നത്. ആശുപത്രിയിൽ കണ്ട നേഴ്‌സ് റുമാനയോട് ഇയാൾ സഹായം അഭ്യർത്ഥിച്ചു.
ഉടൻ തന്നെ റുമാന ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. ആശുപത്രിയിൽ നിന്ന് 500 മീറ്റർ മാത്രം മാറി സ്ഥിതി ചെയ്യുന്ന കെ.എസ്.ആർ. ടി.സി ബസ് സ്റ്റാൻഡിന് സമീപമുള്ള ഒറ്റമുറി വീട്ടിലാണ് സഞ്ജയും കുടുംബവും കഴിയുന്നത്. ഇതിനാൽ തന്നെ മിനിട്ടുകൾക്ക് ഉള്ളിൽ പൈലറ്റ് ആന്റണി ജോസഫ്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ രാഖിൽ എന്നിവർ സ്ഥലത്തെത്തി. ഉടൻ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ രാഖിൽ അമ്മയുടെയും കുഞ്ഞിന്റെയും പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും പ്രഥമ ശുശ്രൂഷ നൽകി. ഇതിനിടയിൽ സംഭവം അറിഞ്ഞ് സ്ഥലത്തെ ആശാ പ്രവർത്തകയും ഇവർക്ക് സഹായവുമായി എത്തി. പ്രഥമ ശുശ്രൂഷ നൽകിയ ശേഷം അമ്മയെയും കുഞ്ഞിനെയും ആംബുലൻസിലേക്ക് മാറ്റി. ഉടൻ തന്നെ പൈലറ്റ് ആന്റണി ഇരുവരെയും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചു.
സഞ്ജയ് ആർത്തി ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് ഇത്. ആർത്തിയുടെ ആദ്യ പ്രസവം ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ ഓട്ടോ റിക്ഷയിൽ ആയിരുന്നു. ഇക്കുറി ആശുപത്രിയിൽ അഡ്‌മിറ്റ് ആകാൻ 10 ദിവസം ശേഷിക്കെയാണ് ആർത്തി വീട്ടിൽ പ്രസവിച്ചത് എന്ന് ബന്ധുക്കൾ പറഞ്ഞു