രാജ്യത്ത് പ്രവാസികൾക്കുള്ള താമസ നിയമങ്ങളിൽ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് കുവൈത്ത് പാർലമെന്റ് അംഗം രംഗത്ത്. പൂർണ ആരോഗ്യമുള്ള പ്രവാസികളെ മാത്രം രാജ്യത്ത് ജോലി ചെയ്യാൻ അനുവദിക്കണമെന്നും അല്ലാത്തവരെ മടക്കി അയക്കണമെന്നും നിർദേശത്തിൽ പറയുന്നു. ഭേദഗതി നിർദ്ദേശം നിലവിൽ ലെജിസ്‌ലേറ്റീവ് അഫയേഴ്‌സ് കമ്മിറ്റിയുടെ പരിഗണനയിലാണ്.

കുവൈത്തിൽ വിദേശികൾക്ക് പ്രവേശന വിസ അനുവദിക്കുന്നതിന് ഡി എൻ എ പരിശോധന ഫലം നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് പാർലമന്റ് അംഗം നിർദ്ദേശം സമർപ്പിച്ചു. ബദർ അൽ ഹമീദി എംപിയാണു ഈ ആവശ്യം ഉന്നയിച്ചത്. തൊഴിൽ വിസ,ഗാർഹിക വിസ,കുടുംബ വിസ, കുടുംബ സന്ദർശ്ശക വിസ, വാണിജ്യ സന്ദർശ്ശക വിസ, പഠന വിസ മുതലായ എല്ലാ വിധ പ്രവേശന വിസകളിലും രാജ്യത്ത് എത്തുന്ന വിദേശികൾ ഡി. എൻ. എ. പരിശോധനക്ക് വിധേയരാക്കണമെന്നാണ് നിർദ്ദേശം.

ഇതൊടോപ്പം ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന വിസയിൽ എത്തുന്ന വിദേശികൾ സാംക്രമിക രോഗങ്ങളിൽ നിന്ന് മുക്തരാണെന്നും മാനസിക രോഗികൾ അല്ലെന്നും തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കണമെന്നും നിർദേശമുണ്ട്.

വിദേശികളുടെ താമസ നിയമവുമായി ബന്ധപ്പെട്ട് സമഗ്രമായ ഭേദഗതി ആവശ്യപ്പെട്ടു കൊണ്ട് ആഭ്യന്തര മന്ത്രാലയം സമർപ്പിച്ച കരട് നിയമം ഇന്നലെ ചേർന്ന പാർലമെന്റ് യോഗം ചർച്ച ചെയ്തു. കരട് നിയമത്തിൽ ഭേദഗതി ആവശ്യമെങ്കിൽ അവ കൂടി ഉൾപ്പെടുത്തി വരും ദിവസങ്ങളിൽ വോട്ടിനിടുമെന്നാണു അറിയുന്നത്.

ഒരു പ്രവാസി തൊഴിൽ വിസയ്ക്ക് അപേക്ഷിക്കുമ്പോഴോ അല്ലെങ്കിൽ ഒരു വ്യാപാര പ്രവർത്തനത്തിൽ ഏർപ്പെടുമ്പോഴോ അതുമല്ലെങ്കിൽ കുടുംബാംഗത്തോടൊപ്പം താമസിക്കാനായി കുവൈത്തിലേക്ക് വരികയോ ചെയ്യുമ്പോൾ ഗുരുതരമായ അസുഖങ്ങളോ മാനസിക പ്രശ്‌നങ്ങളോ പകർച്ച വ്യാധികളോ ഇല്ലെന്ന് തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നതാണ് പ്രധാന ആവശ്യം.