- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ ജനങ്ങൾ സിൽവർ ലൈൻ പദ്ധതിക്കെതിര്; സാമ്പത്തികമായും സാങ്കേതികമായും പാരിസ്ഥിതികമായും പദ്ധതി ഗുണകരമല്ലെന്നും ഉപേക്ഷിക്കണമെന്നും ബിജെപി ദേശീയ ജനറൽ സെക്രട്ടറി സിടി രവി
കോഴിക്കോട്: പിണറായി സർക്കാർ ജനവികാരം കണക്കിലെടുത്ത് സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കുകയാണ് വേണ്ടതെന്ന് ബിജെപി ദേശീയ ജനറൽസെക്രട്ടറി സിടി രവി. സിൽവർലൈൻ സർക്കാരിന്റെ മാത്രം താത്പര്യമാണ്. ജനങ്ങളും സാങ്കേതിക വിദഗ്ധരും ഇതിനെതിരാണ്. സാമ്പത്തികമായും സാങ്കേതികമായും പാരിസ്ഥിതികമായും ഈ പദ്ധതി കേരളത്തിന് ഗുണകരമല്ലെന്നും കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
പണമില്ലാതെ എങ്ങനെയാണ് സിൽവർ ലൈൻ പദ്ധതി നടപ്പാക്കുന്നതെന്നും ഏകപക്ഷീയമായ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിനെ ബിജെപി അനുവദിക്കില്ലെന്നും സി.ടി. രവി പറഞ്ഞു. ജനിക്കാൻ പോകുന്ന കുട്ടികൾക്കുവരെ ബാധ്യതയാകുന്ന തരത്തിൽ ഇത്രയധികം തുക കടമെടുത്തുള്ള വമ്പൻ പദ്ധതി ആർക്കു വേണ്ടിയാണ് നടപ്പാക്കുന്നത്.
സർക്കാർ പറയുന്നത് 64,000 കോടിയാണ് പദ്ധതി ചെലവ് എന്നാണ്. എന്നാൽ നീതി ആയോഗിന്റെ കണക്കിൽ 1.25 ലക്ഷം കോടി രൂപ ചെലവ് വരും. 3.2 ലക്ഷം കോടിയുടെ പൊതുകടമുള്ള കേരളത്തിന് ഇത്രയും പണം എവിടുന്ന് കടം കിട്ടും? കേരളം ചൈനയോ ഉത്തര കൊറിയയോ അല്ലെന്ന് സിപിഎം മനസിലാക്കണം. ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് കേരളം. ഇവിടെ ഏകാധിപത്യമല്ല ജനാധിപത്യമാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മനസിലാക്കണം.
ഇടതു സംഘടനയായ ശാസ്ത്ര സാഹിത്യ പരിഷത്ത് പോലും സിൽവർലൈനിനെ എതിർക്കുകയാണ്. മുഖ്യമന്ത്രിയുടെ നിക്ഷിപ്ത താത്പര്യമാണ് ഈ പദ്ധതി. അത് ഏകപക്ഷീയമായി ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നത്. സിൽവർലൈൻ കടന്നുപോകുന്ന സ്ഥലത്തെ ജനങ്ങളുമായി സംസാരിക്കാൻ സർക്കാർ തയ്യാറാകണം. സംസ്ഥാനത്ത് ഒരു ബെർലിൻ മതിൽ ഉണ്ടാക്കാൻ കേരളത്തിലെ ജനങ്ങൾ അനുവദിക്കില്ല.
ബിജെപി വികസനത്തിന് എതിരല്ല. വികസനം പാരിസ്ഥിതി സൗഹൃദമാണ്. അത് നശിപ്പിക്കലല്ല, മറിച്ച് നിർമ്മിക്കലാണ്. കേരള ബിജെപി നടത്തുന്ന പോരാട്ടത്തിന് ദേശീയ നേതൃത്വത്തിന്റെ എല്ലാ പിന്തുണയുമുണ്ടാവും. പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ച സ്വാഭാവിക കൂടിക്കാഴ്ച മാത്രമാണ്. കേന്ദ്ര സർക്കാർ കേരളത്തിലെ ജനങ്ങളുടെ ഹിതത്തിന് അനുസരിച്ച് മാത്രമേ പ്രവർത്തിക്കുകയുള്ളൂവെന്നും സിടി രവി പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, വൈസ്പ്രസിഡന്റ് പി.രഘുനാഥ്, സംസ്ഥാന സെക്രട്ടറി കെ.ശ്രീകാന്ത്, ജില്ലാ പ്രസിഡന്റ് വികെ സജീവൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.മോഹനൻ, ഇ.പ്രശാന്ത് കുമാർ എന്നിവരും സംബന്ധിച്ചു.
മറുനാടന് മലയാളി ബ്യൂറോ