ന്യൂഡൽഹി: വാർത്താ വിതരണത്തിലെ മേൽക്കോയ്മ ദുരുപയോഗം ചെയ്യുന്നുവെന്ന പരാതിയിൽ ഗൂഗിളിനെതിരെ അന്വേഷണത്തിന് ഉത്തരവ്. ഇന്ത്യയിലെ പത്ര മാധ്യമങ്ങൾക്കു വേണ്ടി ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി (ഐഎൻഎസ്) നൽകിയ പരാതിയിൽ കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ)യുടെതാണ് ഉത്തരവ്.

ഇന്ത്യയിലെ സ്ഥാപനങ്ങൾ വൻതുക മുടക്കി തയാറാക്കുന്ന ഈ വാർത്തകൾ ഡിജിറ്റലായി നൽകി ഗൂഗിളും മറ്റും വൻതുക പരസ്യ വരുമാനം നേടുന്നുണ്ടെങ്കിലും അത് വാർത്തകൾ തയാറാക്കുന്ന ഇന്ത്യയിലെ സ്ഥാപനങ്ങളുമായി പങ്കുവയ്ക്കാൻ തയാറാകുന്നില്ല. ഇങ്ങനെ എത്ര വരുമാനം നേടുന്നുവെന്നു പോലും ഇന്ത്യയിലെ മാധ്യമസ്ഥാപനങ്ങൾക്ക് അറിയാനാവില്ല. ഇതിനെതിരെയാണ് ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി പരാതി നൽകിയത്.

ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് ഇൻകോർപറേഷൻ, ഗൂഗിൾ എൽഎൽസി, ഗൂഗിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഗൂഗിൾ അയർലൻഡ് ലിമിറ്റഡ്, ഗൂഗിൾ ഏഷ്യ പസിഫിക് പ്രൈവറ്റ് ലിമിറ്റഡ് എന്നിവ ന്യൂസ് റഫറൽ സർവീസസ്, ഗൂഗിൾ അഡ്‌ടെക് സർവീസസ് എന്നിവയിലെ മേൽക്കോയ്മ ദുരുപയോഗം ചെയ്ത് ഇന്ത്യയിലെ ഓൺലൈൻ ന്യൂസ് വിപണിയിൽ മത്സര നിയമം ലംഘിച്ച് പ്രവർത്തിക്കുന്നതായി ഐഎൻഎസ് പരാതിയിൽ പറയുന്നു.

ഐഎൻഎസിന്റെ പരാതിയിൽ പ്രഥമദൃഷ്ട്യാ കാമ്പുണ്ടെന്നു കണ്ട സിസിഐ വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഐഎൻഎസ് നൽകിയ വിവരങ്ങളും ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്‌സ് അസോസിയേഷൻ നൽകിയ വിവരങ്ങളും ഡയറക്ടർ ജനറലിനു കൈമാറാൻ നിർദ്ദേശിച്ചിട്ടുണ്ട്.