- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുറഞ്ഞത് 'ഒരു എംഎൽഎ, ഒരു പെൻഷൻ' എങ്കിലും കേരളവും മാതൃകയാക്കണം; കടമെടുത്ത് മുടിയുന്ന കേരളത്തിന് കണ്ടു പഠിക്കാൻ തീരുമാനവുമായി പഞ്ചാബിലെ ആംആദ്മി സർക്കാർ; ഖജനാവിന് ആയിരം കോടിയുടെ ലാഭമുണ്ടാകുമെന്ന് ഭഗവന്ത് സിങ് മാൻ; ആപ്പിന്റെ പെൻഷൻ വിപ്ലവം കൈയടി നേടുമ്പോൾ
ന്യൂഡൽഹി : സാമ്പത്തിക അച്ചടക്കമാണ് മികച്ച ഭരണകൂടത്തിന്റെ മുഖമുദ്ര. അതിലേക്കാണ് പഞ്ചാബിന്റെ യാത്ര. കേരളത്തിലെ പെൻഷൻ ധൂർത്ത് ചർച്ചയാകുന്ന ഈ കാലത്ത് പഞ്ചാബിൽ അധികാരമേറ്റതിനു പിന്നാലെ ചരിത്ര നടപടികളുമായി മുന്നോട്ടുപോവുകയാണ് ആം ആദ്മി സർക്കാർ. എംഎൽഎമാരുടെ പെൻഷൻ രീതികൾ പൊളിച്ചു പണിയുകയാണ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ. കേരളം മാതൃകയാക്കേണ്ട വിപ്ലവം.
കേരളത്തിൽ ജീവനക്കാർക്ക് പങ്കാളിത്ത പെൻഷനാണ്. എന്നാൽ രാഷ്ട്രീയ നിയമനങ്ങൾക്ക് അല്ലാത്ത പെൻഷനും. കെ എം മാണിയാണ് പങ്കാളിത്ത പെൻഷൻ അവതരിപ്പിച്ചത്. അതിന് ശേഷം സർവ്വീസിലെത്തിയവർ സ്വന്തം പണം നിക്ഷേപിച്ച് പെൻഷനായി കാത്തിരിക്കുന്നു. അത് എങ്ങനെ കിട്ടുമെന്നതിലും ഉറപ്പൊന്നും ആർക്കുമില്ല. എന്നാൽ പങ്കാളിത്ത പെൻഷനിൽ കേരളം തീരുമാനം എടുത്തിട്ടും രാഷ്ട്രീയ നിയമനക്കാർക്ക് പെൻഷനുണ്ട്. ക്ഷേമ പെൻഷന് സമാനമായ ഇടപാട്. പി എസ് സിയും വിവരാവകാശ കമ്മീഷനിലുമെല്ലാം അംഗമായാലും പെൻഷൻ കിട്ടുമെന്നാണ് ഉയരുന്ന ആരോപണം. ഇതിനിടെയാണ് പഞ്ചാബിലെ ആംആദ്മി മോഡൽ ചർച്ചയാകുന്നത്.
മുൻ എംഎൽഎമാർക്കുള്ള പെൻഷൻ വൻതോതിൽ വെട്ടിക്കുറയ്ക്കുന്നതാണ് പുതിയ സർക്കാർ തീരുമാനം. റിപ്പോർട്ട് പ്രകാരം ഇനി മുതൽ എംഎൽഎമാർക്ക് ഒരു ടേം പെൻഷൻ മാത്രമാകും ലഭിക്കുക. ഇവിടെ പേഴ്‌സണൽ സ്റ്റാഫുകൾക്ക് പെൻഷൻ കൊടുക്കുന്നമില്ല. നിലവിൽ ആയിരത്തിലേറെ കോടി രൂപയാണ് മുൻ എംഎൽഎമാർക്ക് പെൻഷൻ നൽകാൻ സർക്കാർ ചെലവഴിക്കുന്നതെന്നും പുതിയ തീരുമാനത്തിലൂടെ ഈ പണം പഞ്ചാബിലെ സാധാരണക്കാർക്കായി മാറ്റി വയ്ക്കാനാകുമെന്നും മുഖ്യമന്ത്രി പറയുന്നു.
മൂന്നും നാലും തവണ എംഎൽഎ ആയവർക്ക് എല്ലാ ടേമിലെയും പെൻഷൻ നിലവിൽ നൽകി വരികയായിരുന്നു. ലക്ഷക്കണത്തിനു രൂപയാണ് ഇത്തരത്തിൽ ചില മുൻ എംഎൽഎമാർ കൈപ്പറ്റുന്നത്. കേരളത്തിലും പഞ്ചാബിന് സമാനമായ നിയമസഭാ അംഗബലമാണുള്ളത്. അതുകൊണ്ട് തന്നെ എംഎൽഎ പെൻഷനായി വലിയ തുക ഇവിടേയും ചെലവഴിക്കുന്നുണ്ട്. അമ്പതു കൊല്ലം നിയമസഭയിൽ കാലാവധി പൂർത്തിയാക്കിയ ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കളുമുണ്ട്. ഇവർക്കെല്ലാം കൂടി കേരളത്തിലെ ഖജനാവിൽ നിന്നും കോടികൾ ഒഴുകുന്നുണ്ടാകും. ഈ കണക്കുകൾ കേരള സർക്കാർ പുറത്തു വിടാറില്ല.
ഇതിനിടെയാണ് പഞ്ചാബിലെ തീരുമാനം ദേശീയ തലത്തിൽ ചർച്ചയാകുന്നത്. പുതിയ തീരുമാനത്തിലൂടെ 75,000 രൂപയോളം മുൻ എംഎൽഎമാർക്ക് ഇനി മുതൽ മാസം തോറും പെൻഷൻ ലഭിക്കുക. എത്ര തവണ എംഎൽഎ ആയെന്ന് പറഞ്ഞാലും ഒറ്റ പെൻഷനേ ലഭിക്കൂ എന്നതാണ് പ്രത്യേകത. ഓരോ മാസവും 3.50 ലക്ഷം മുതൽ 5.25 ലക്ഷം വരെ പെൻഷൻ വാങ്ങുന്നവരും പഞ്ചാബിലുണ്ട്.
'ഒരു എംഎൽഎ, ഒരു പെൻഷൻ' എന്ന ആവശ്യം പ്രതിപക്ഷത്ത് ഇരിക്കുമ്പോൾതന്നെ എഎപി ആവശ്യപ്പെട്ടിരുന്നു. അധികാരം കിട്ടിയതിന് പിന്നാലെ ഈ തീരുമാനം നടപ്പാക്കുകയാണ് എഎപി സർക്കാർ.
മറുനാടന് മലയാളി ബ്യൂറോ