ലോസ്ആഞ്ചലസ് (കലിഫോർണിയ): ബാങ്ക് ഓഫ് അമേരിക്കയുടെ റേഷ്യൽ ഇക്വാലിറ്റി അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടവരിൽ ഇന്ത്യൻ അമേരിക്കൻ വനിത മൻജുഷ കുൽകർണിയും. ലൊസാഞ്ചലസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏഷ്യൻ അമേരിക്കൻ ആൻഡ് പസഫിക് ഐലന്റേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടറാണ് മൻജുഷ. 1.5 മില്യൻ അംഗങ്ങളെയാണ് ഈ സംഘടന പ്രതിനിധാനം ചെയ്യുന്നത്. താഴ്ന്ന വരുമാനക്കാർ, അഭയാർഥികൾ, കുടിയേറ്റക്കാർ, മറ്റു ആനുകൂല്യങ്ങൾ ഒന്നും ലഭിക്കാത്തവർ എന്നിവരെ കേന്ദ്രീകരിച്ചാണ് സംഘടനാ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്.

വർഗീയ ചേരിതിരുവുകൾ, സാമ്പത്തിക അസമത്വം എന്നിവ ഇല്ലായ്മ ചെയ്യുന്നതിന പ്രവർത്തിക്കുന്ന സംഘടന എന്ന നിലയിലാണ് അവാർഡ് നൽകിയിരിക്കുന്നതെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. 200,000 ഡോളറാണ് അവാർഡ് തുക.

രാജ്യത്താകമാനം കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കെ ഏഷ്യൻ അമേരിക്കൻ പസഫിക്ക് വംശജർക്ക് നേരെ വർധിച്ചു വന്ന വർഗ്ഗീയാധിക്ഷേപത്തിനും, ആക്രമങ്ങൾക്കുമെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നതിനും ആക്ഷൻ കൗൺസിലുകൾ രൂപീകരിക്കുന്നതിന് മൻജുഷ ശ്രമിച്ചിരുന്നു.