ഫ്ളോറിഡ: റോഡിനു കുറുകെ കിടന്നിരുന്ന പതിനൊന്നടി വലിപ്പമുള്ള ചീങ്കണ്ണിയെ തട്ടി തെന്നി മാറിയ കാർ മറിഞ്ഞു ഡ്രൈവർക്ക് ദാരുണാന്ത്യം. റ്റാമ്പയിലെ ലിത്തിയായിലാണ് സംഭവം. 59 വയസ്സുള്ള ജോൺ ഹോപ്കിൻസാണ് വാഹനം ഓടിച്ചിരുന്നത്. വെളിച്ചകുറവുമൂലം റോഡിനു കുറുകെ കിടന്നിരുന്ന ചീങ്കണ്ണിയെ കാണാൻ കഴിയാത്തതായിരിക്കാം അപകട കാരണമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.

റോഡിൽ നിന്നും തെന്നിപ്പോയ കാർ കുഴിയിലേക്ക് തലകീഴായി മറിയുകയായിരുന്നു. രാവിലെ അതുവഴി വന്ന യാത്രക്കാരനാണ് അപകടത്തിൽപ്പെട്ട കാർ കണ്ടത്. പൊലീസ് സംഭവസ്ഥലത്ത് എത്തി പരിശോധിച്ചപ്പോൾ ഡ്രൈവർ കാറിൽ മരിച്ചി നിലയിലായിരുന്നു. അൽപം മാറി ചീങ്കണ്ണി ചത്തു കിടക്കുന്നതും കണ്ടെത്തി. ഇത്തരത്തിലുള്ള അപകടം ആദ്യമാണെന്ന് ഹൈവേ പൊലീസ് പറഞ്ഞു.