മുംബൈ: ഐപിഎൽ പതിനഞ്ചാം സീസണിന് തുടക്കമാകാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി മെഡൽ നേടിയ താരങ്ങളെ ആദരിക്കാൻ ബിസിസിഐ.തുടച്ചയായ നാലാം വർഷവും ഐപിഎല്ലിന് മുന്നോടിയായി നടക്കാറുള്ള വർണശഭളമായ ഉദ്ഘാടന ചടങ്ങുകൾ ഇല്ലാതെയാണ് ഇത്തവണത്തെ സീസണും തുടക്കമാകുക.

ടോക്യോയിലെ മെഡൽ ജേതാക്കളെ ആദരിക്കുമെന്ന് കഴിഞ്ഞ വർഷം തന്നെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ കാരണം ഇതിനായി ഒരു ചടങ്ങ് സംഘടിപ്പിക്കാൻ അവർക്ക് സാധിച്ചിരുന്നില്ല. ഇതോടെയാണ് ഇത്തവണത്തെ ഐപിഎല്ലിന്റെ ഉദ്ഘാടന മത്സരത്തിനു മുമ്പ് മെഡൽ ജേതാക്കളെ ആദരിക്കാമെന്ന ചർച്ച വരുന്നത്.

2021-ൽ നടന്ന ടോക്യോ ഒളിമ്പിക്സിൽ ഒരു സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവുമടക്കം ഏഴ് മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. നീരജ് ചോപ്ര, മീരാബായ് ചാനു, രവികുമാർ ദഹിയ, പി.വി സിന്ധു, ലവ്ലിന ബോർഗോഹെയ്ൻ, ബജ്റംഗ് പുനിയ, ഇന്ത്യൻ ഹോക്കി ടീം എന്നിവരാണ് ടോക്യോയിൽ ഇന്ത്യയ്ക്കായി മെഡൽ നേടിയത്.

അതേസമയം 2011-ന് ശേഷം ആദ്യമായി 10 ടീമുകളുടെ പോരാട്ടമാണ് ഇക്കുറി ഐപിഎല്ലിൽ. ലഖ്‌നൗ സൂപ്പർജയന്റ്‌സും ഗുജറാത്ത് ടൈറ്റൻസുമാണ് പുതുമുഖങ്ങൾ. മത്സരങ്ങളുടെ എണ്ണം 60-ൽനിന്ന് 74 ആയി ഉയർന്നു. കോവിഡിന്റെ പിടിയിൽനിന്ന് രാജ്യം ഏറെക്കുറെ മോചിതമായ സന്ദർഭത്തിലാണ് ഇത്തവണത്തെ ഐ.പി.എൽ. 2021-ൽ യു.എ.ഇ.യിൽ നടന്ന ലീഗ് ദുരന്തസമാനമായിരുന്നു. കോവിഡ് കുതിച്ചുയർന്നതോടെ ലീഗ് ഇടയ്ക്കുവെച്ചുനിർത്തി. പിന്നീട് നാലുമാസത്തിന് ശേഷമാണ് പുനരാരംഭിച്ചത്. രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലീഗ് ഇന്ത്യയിൽ തിരിച്ചെത്തുന്നത്.