- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദി ഗ്രാന്റ് പ്രിയിലെ 12-ാം വളവിൽ അതിവേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു തകർന്നു; ഡ്രൈവറെ അതിവേഗം വിമാനത്തിൽ ആശുപത്രിയിൽ എത്തിച്ചത് നിർണ്ണായകമായി; മിക് ഷുമാക്കർ ആരോഗ്യവാനെന്ന് റിപ്പോർട്ട്; അച്ഛൻ ഷുമാക്കറിനുണ്ടായ ദുരന്തം മകനുണ്ടാകരുതേ എന്ന പ്രാർത്ഥനയിൽ ആരാധകർ
ലണ്ടൻ: ലൂയിസ് ഹാമിൽടണും പിറകിൽ സെബാസ്റ്റ്യൻ വെറ്റലുമടക്കം ഫോർമുല വൺ ട്രാക്ക വാണ നിരവധി പേർ ലോകം ജയിച്ചുകുതിക്കുമ്പോഴും മൈക്കൽ ഷുമാക്കർ എന്ന ഇതിഹാസത്തോളം വരില്ല അവരൊന്നും. അതുകൊണ്ട് തന്നെ ഷുമാക്കർ ഇന്നും നൊമ്പരപ്പെടുത്തുന്ന വേദനയാണ് ആരാധകർക്ക്. പിന്നീട് തിഹാസതാരമായ അച്ഛന്റെ വഴിയേ ട്രാക്കിൽ മിന്നൽപ്പിണരായി മകനും എത്തി. നാല് തവണ മൈക്കൽ ഷുമാക്കർ ഗ്രാൻപ്രീ ചാംപ്യനായ ഹംഗറിയിലെ ട്രാക്കിൽ മകൻ മിക്ക് ഷുമാക്കർ കന്നി ഫോർമുല 2 കിരീടം നേടിയത് 2018ലായിരുന്നു. പക്ഷേ അച്ഛന്റെ വിധി മകനേയും തേടിയെത്തുകയാണോ അച്ഛനെ പോലെ മിക്കും കാറോട്ടത്തിനിടെ അപകടത്തിൽ പെടുന്നു. സൗദി ഗ്രാന്റ് പ്രിയിലാണ് അപകടമുണ്ടായത്.
ഇന്നലെ സൗദി ഗ്രാന്റ് പ്രിയുടെ ക്വാളിഫൈ റൗണ്ടിലായിരുന്നു അപകടം. 12-ാം വളവിൽ വച്ച് നിയന്ത്രണം വിട്ട് അതി വേഗതയിൽ പോകുന്ന കാർ മറിയുകയായിരുന്നു. അപകടത്തിൽ മിക്കിനുണ്ടായ പരിക്ക് ഗുരുതരമല്ലെന്നാണ് വരുന്ന റിപ്പോർട്ട്. ആരോഗ്യം നല്ല നിലയിലാണെന്നും റിപ്പോർട്ടുണ്ട്. എന്നാൽ വലിയൊരു അപകടമാണ് സൗദിയിൽ ഷുമാക്കറിന്റെ മകനുമണ്ടായത്. ചുവരിൽ ഇടിച്ച് കാർ കഷ്ണം കഷ്ണമായി ചിതറി.
അതിവേഗം ആശുപത്രിയിൽ എത്തിച്ചതാണ് മിക്ക് ഷുമാക്കറിന് നിർണ്ണായകമായത്. വേഗപ്പോരിലെ രാജകുമാരനായി മാറുമ്പോഴും മിക്കിനും ആരാധകർക്കും നൊമ്പരമായി മൈക്കൽ ഷുമാക്കർ അബോധാവസ്ഥയിലാണ് ഇപ്പോഴും. സ്‌കീയിംഗിനിടെ പരിക്കേറ്റ് 2013 മുതൽ ചലനമില്ലാതെ രോഗക്കിടക്കയിലുള്ള മൈക്കൽ മകന്റെ കുതിപ്പ് അറിയുന്നതേയില്ല. അതുകൊണ്ട് തന്നെ മകന്റെ കാർ തകർന്നതും ആരാധകർ വേദനയോടെയാണ് കണ്ടത്. ആശുപത്രിയിൽ നിന്ന് അനുകൂല പ്രതികരണമുണ്ടയാപ്പോൾ മാത്രമാണ് ആരാധകർ ആശ്വാസ തീരത്ത് എത്തിയത്.
ഫോർമുല വൺ ട്രാക്കിൽ ആദ്യമായി മിക് എത്തുമ്പോൾ പക്ഷേ, പഴയ മൈക്കലിന്റെ ഓർമകൾ ആരാധകരെ നോവായി അലട്ടിയിരിരുന്നു. മുഖവും ഛായയും അതേ പടി മിക്കിലുണ്ട്. നടത്തവും തലയുടെ എടുപ്പും എല്ലാം അതേ പടി തന്നെ. 1991ൽ പിതാവ് ആദ്യമായി ഗ്രാൻപ്രീ ട്രാക്കിലെത്തുമ്പോൾ പ്രായം 22 ആയിരുന്നു.
ബെൽജിയൻ ഗ്രാൻപ്രിയിലായിരുന്നു തുടക്കം. ഇതേ പ്രായത്തിൽ മിക്കും പോരിനെത്തി. ഓരോ താരവും സ്വന്തം പേരിന്റെ ആദ്യ മൂന്ന് അക്ഷരങ്ങൾ ചേർത്ത് ഡ്രൈവറുടെ പേര് നിർണയിക്കുമ്പോൾ അന്ന് പിതാവ് ഉപയോഗിച്ച അതേ 'എസ്.സി.എച്ച്' എന്നതു തന്നെ മിക്കും ഉപയോഗിച്ചു. പിതാവാണ് തന്റെ വിഗ്രഹമെന്ന് മിക്ക് വിശദീകരിച്ചു. അതുകൊണ്ട് കൂടിയാണ് സൗദിയിലെ അപകടം ആരാധകർക്ക് നൊമ്പരമായത്.
എട്ടാം വയസ്സിൽ, 2008ലാണ് മിക് ആദ്യമായി വളയം പിടിച്ചുതുടങ്ങുന്നത്. പിന്നെയും നാല്- അഞ്ചു വർഷം കഴിഞ്ഞാണ് ഡ്രൈവിങ് തന്റെ ഇഷ്ട മേഖലയാക്കാമെന്ന് അവനു തോന്നിയത്. 2018 ഫോർമുല ത്രീയിൽ അങ്കം കുറിച്ചു. ഒരു വർഷം കഴിഞ്ഞ് ഫോർമുല രണ്ടിലും. അതും പൂർത്തിയാക്കി കാറോട്ടത്തിലെ ഏറ്റവും ഗ്ലാമർ പോരിടത്തേക്ക് എത്തി. ഒരു കാലത്ത് ലോകത്തെ ഏറ്റവും കൂടുതൽ കിരീടങ്ങളുടെ തമ്പുരാനായിരുന്നു മൈക്കൽ ഷൂമാക്കർ.
ഹാമിൽട്ടൺ അത് സ്വന്തമാക്കിയെങ്കിലും ആരാധക മനസ്സിൽ കിരീടം ഇപ്പോഴും ഷൂമാക്കർക്കു തന്നെയാണ് താരം. 2013ലാണ് സ്‌കീയിങ്ങിനിടെ വീണ് മൈക്കൽ ഷൂമാക്കർക്ക് ഗുരുതര പരിക്കേൽക്കുന്നത്. അതിനു ശേഷം എട്ടുവർഷത്തിനിടെ പൊതു രംഗത്ത് എത്തിയിട്ടില്ല. അത് മകനും സംഭവിക്കുമോ എന്ന ആശങ്കകൾ അകന്നു കഴിഞ്ഞു. മിക് ആ അപകടത്തെ തരണം ചെയ്യുകയാണ്.
91 ഗ്രാൻഡ് പ്രീകൾ സ്വന്തമാക്കി റെക്കോഡിട്ട ഫോർമുല വൺ ഇതിഹാസാണ് മൈക്കൾ ഷൂമാക്കർ. ഷുമാക്കർ തന്റെ 17 വർഷത്തെ കരിയറിലാണ് 19 ഗ്രാൻഡ് പ്രീ വിജയങ്ങൾ സ്വന്തമാക്കിയത്. നേട്ടങ്ങളുടെ കൊടുമുടിയിൽ നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായുണ്ടായ അപകടം ആ കരിയർ അവസാനിപ്പിച്ചത്. ആൽപ്സ് പർവതനിരയിൽ സ്‌കീയിങ്ങിനിടെ ഉണ്ടായ അപകടത്തിൽ തലക്ക് സാരമായി പരിക്കേറ്റ ഷുമാക്കർ നിലവിൽ കിടപ്പിലാണ്. 2013ൽ ഉണ്ടായ അപകടത്തെ അതിജീവിച്ച് ജീവിതത്തിന്റെ ട്രാക്കിലേക്ക് തിരിച്ചെത്താൻ ഷുമാക്കർക്ക് ഇതേവരെ സാധിച്ചിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ