- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹിജാബ് ധരിച്ചെത്തിയ സ്ത്രീക്ക് പ്രവേശനം നിഷേധിച്ചു; വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചു; ബഹ്റൈനിലെ പ്രമുഖ ഇന്ത്യൻ റസ്റ്റോറന്റ് പൂട്ടിച്ച് അധികൃതർ
മനാമ: ഹിജാബ് ധരിച്ചെത്തിയ സ്ത്രീക്ക് ജീവനക്കാരൻ പ്രവേശനം നിഷേധിച്ചത് സംബന്ധിച്ച വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നതിനിടെ ബഹ്റൈനിൽ റസ്റ്റോറന്റിനെതിരെ നടപടി. അദ്ലിയയിലെ പ്രശസ്തമായ ഇന്ത്യൻ റസ്റ്റോറന്റാണ് കഴിഞ്ഞ ദിവസം അധികൃതർ പൂട്ടിച്ചത്. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അഥോറിറ്റി പറഞ്ഞു.
ഹിജാബ് ധരിച്ചെത്തിയ സ്ത്രീയെ റസ്റ്റോറന്റിലെ ഒരു ജീവനക്കാരനാണ് തടഞ്ഞത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതാണ് നടപടികൾക്ക് വഴിവെച്ചത്.
രാജ്യത്തെ നിയമങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള നിബന്ധനകളും നയങ്ങളും നടപ്പാക്കാൻ ഒരു ടൂറിസം കേന്ദ്രവും ശ്രമിക്കരുതെന്ന് ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോരിറ്റി മുന്നറിയിപ്പ് നൽകി.
ജനങ്ങളെ വേർതിരിച്ച് കാണുന്ന ഒരു നടപടിയും അംഗീകരിക്കില്ല. പ്രത്യേകിച്ചും അവരുടെ ദേശീയ അടയാളങ്ങളുടെ പേരിലുള്ള വിവേചനങ്ങൾ അംഗീകരിക്കാനാവില്ല. രാജ്യത്തെ റസ്റ്റോറന്റുകളും ഹോട്ടലുകളും ഉൾപ്പെടെയുള്ള എല്ലാ ടൂറിസം സ്ഥാപനങ്ങൾക്കും ബാധകമായ 1986ലെ നിയമപ്രകാരമാണ് ഇത്തരം വിവേചനങ്ങൾക്കെതിരെ നടപടിയെടുക്കുന്നതെന്നും അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
അതേസമയം സംഭവം വിവാദമാവുകയും അധികൃതർ നടപടിയെടുക്കുകയും ചെയ്തതിന് പിന്നാലെ റസ്റ്റോറന്റ് മാനേജ്മെന്റ് ഖേദം പ്രകടിപ്പിച്ചു. തങ്ങളുടെ ഒരു ജീവനക്കാരന്റെ ഭാഗത്തു നിന്നുണ്ടായ പിഴവാണ് സ്ഥാപനത്തിനെതിരായ രീതിയിൽ മാറിയതെന്നും സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ക്ഷമാപണത്തിൽ വ്യക്തമാക്കുന്നു.
അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഡ്യൂട്ടി മാനേജറെ സസ്പെന്റ് ചെയ്തിട്ടുണ്ട്. മനോഹരമായ ഈ രാജ്യത്ത് 33 വർഷമായി വിവിധ രാജ്യക്കാരായ ഉപഭോക്താക്കളെ സേവിക്കുന്ന സ്ഥാപനമാണെന്നും എല്ലാ വിഭാഗം ജനങ്ങൾക്കും കുടുംബത്തേടൊപ്പം എത്തി സമയം ചെലവഴിക്കാനാവുന്ന സ്ഥലമാണ് തങ്ങളുടെ റസ്റ്റോറന്റെന്നും ഉടമകൾ പറഞ്ഞു.
ന്യൂസ് ഡെസ്ക്