കൊച്ചി: സാമ്പത്തിക വർഷത്തിന്റെ അവസാനം നടക്കുന്ന രണ്ട് ദിവസത്തെ പണിമുടക്ക് കേരളത്തിന്റെ സാമ്പത്തിക മേഖലയെ തകർക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇത് കേരളത്തിന് വിനാശകരമായ പണിമുടക്കാണ്.

ഇന്ത്യയിൽ ഒരിടത്തും ഒരു ചലനവും ഉണ്ടാക്കാനാവാത്ത പണിമുടക്ക് കേരളത്തിൽ സർക്കാർ സ്പോൺസർ ചെയ്യുകയാണ്. സംസ്ഥാനത്തിന്റെ താത്പര്യം മാനിച്ച് സമരക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ സർക്കാർ തയ്യാറാവണമെന്നും ബിജെപി അദ്ധ്യക്ഷൻ ആവശ്യപ്പെട്ടു.

കേന്ദ്ര റെയിൽമന്ത്രി രാജ്യസഭയിൽ വ്യക്തമായി പറഞ്ഞതോടെ കെ-റെയിൽ പദ്ധതി നടപ്പാക്കാനാവില്ലെന്ന് എല്ലാവർക്കും ബോധ്യമായിക്കഴിഞ്ഞു. റെയിൽവെ മന്ത്രാലയം നിർദ്ദിഷ്ട സിൽവർ ലൈൻ പദ്ധതിയെ പൂർണമായും തള്ളിക്കളഞ്ഞിരിക്കുകയാണ്. പിടിവാശി അവസാനിപ്പിച്ച് ദുരഭിമാനം വെടിഞ്ഞ് സർവെ നടപടികൾ നിർത്തിവെക്കാൻ സർക്കാർ തയ്യാറാവണം.

പ്രധാനമന്ത്രി അനുമതി നൽകുമെന്ന പ്രചരണം സമരത്തെ പൊളിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രമായിരുന്നു. റെയിൽവെമന്ത്രിയുടെ മറുപടിയോടെ അത് പൊളിഞ്ഞു വീണു കഴിഞ്ഞു. കല്ലിടുന്നതിന്റെ കാര്യത്തിൽ സർക്കാരിന് തന്നെ വ്യക്തതയില്ല. റവന്യൂ മന്ത്രിയും കോടിയേരിയും പറയുന്നത് കെ-റെയിൽ കോർപറേഷനാണ് കല്ലിടുന്നതെന്നാണ്. കെ-റെയിൽ എംഡി അത് നിഷേധിക്കുന്നു. ജനങ്ങളുടെ ഭൂമിയിൽ കയറി കല്ലിടാനുള്ള അധികാരം കെ-റെയിൽ കോർപറേഷന് ആരാണ് കൊടുത്തത്? കല്ലിടുന്നതിന്റെ പേരിലുള്ള തട്ടിക്കൂട്ട് പരിപാടി സർക്കാർ അവസാനിപ്പിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.