- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കശ്മീർ വിഷയത്തിൽ പാക്കിസ്ഥാനുമായി ചർച്ച വേണമെന്ന് മെഹബൂബ; രൂക്ഷമായി വിമർശിച്ച് ശിവസേന
മുംബൈ: കശ്മീരിൽ സമാധാനം പുനഃസ്ഥാപിക്കാൻ പാക്കിസ്ഥാനുമായും ജമ്മു കശ്മീരിലെ ജനങ്ങളുമായും കേന്ദ്രസർക്കാർ ചർച്ച നടത്തണമെന്ന കശ്മീർ മുൻ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തിയുടെ പ്രസ്താവനക്കെതിരെ ആഞ്ഞടിച്ച് ശിവസേന എംപി സഞ്ജയ് റാവത്ത്.
മെഹബൂബ മുഫ്തിയെ പോലുള്ളവർ ബിജെപിയുമായി ചേർന്ന് സർക്കാർ ഉണ്ടാക്കുന്നതിനാൽ അവർക്ക് അത്തരത്തിലുള്ള പരാമർശങ്ങൾ നടത്താൻ അനുവാദമുണ്ടാകുമെന്നും സഞ്ജയ് റാവുത്ത് വിമർശിച്ചു.
'അത്തരക്കാരുമായി അധികാരം പങ്കിട്ട് ശക്തി നൽകിയത് ബിജെപിയാണ്. അതിനാൽ മെഹബൂബ മുഫ്തി പറയുന്നതിന് ബിജെപി ഉത്തരവാദികളാണ്' -റാവത്ത് പറഞ്ഞു. വിഷയത്തിൽ ബിജെപിയുടെ നിലപാട് എന്തുതന്നെ ആയാലും പി.ഡി.പിയുടെ പ്രത്യയശാസ്ത്രത്തെ എതിർക്കുന്നത് ശിവസേന തുടരുമെന്നും റാവത്ത് വ്യക്തമാക്കി.
മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള പി.ഡി.പി ബിജെപിയുമായി സഖ്യത്തിലായിരുന്നു. തുടക്കം മുതലേ പാക്കിസ്ഥാൻ അനുകൂല നിലപാട് സ്വീകരിച്ചിരുന്ന പാർട്ടിയാണ് പി.ഡി.പിയെന്നും റാവുത്ത് പറഞ്ഞു.
2015-ൽ ജമ്മു കശ്മീരിൽ സർക്കാർ രൂപീകരിക്കാൻ പി.ഡി.പിയും ബിജെപിയും ഒന്നിച്ചെങ്കിലും 2018 ജൂണിൽ സഖ്യം പിരിയുകയായിരുന്നു. പാർലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സൽ ഗുരുവിനെ മുഫ്തി പിന്തുണച്ചിരുന്നുവെന്നും എന്നിട്ടും ജമ്മുകശ്മീരിൽ പി.ഡി.പിയുമായി ചേർന്ന് ബിജെപി സഖ്യമുണ്ടാക്കി സർക്കാർ രൂപീകരിച്ചെന്നും റാവത്ത് ആരോപിച്ചു. ഇപ്പോൾ അതേ മെഹബൂബ മുഫ്തി തന്നെ കശ്മീർ പ്രശ്‌നം പരിഹരിക്കാൻ പാക്കിസ്ഥാനുമായി ചർച്ച നടത്തണമെന്ന് ആവശ്യപ്പെടുന്നത് ബിജെപിക്ക് അപമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
24 മണിക്കൂറും രാജ്യത്തെ സേവിക്കുന്നതിനായി പ്രധാനമന്ത്രി ദിവസവും രണ്ട് മണിക്കൂർ മാത്രമേ ഉറങ്ങാറുള്ളുവെന്ന മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലിന്റെ പരാമർശത്തിൽ, അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് ആ രണ്ട് മണിക്കൂർ ഉറക്കും പ്രധാനമന്ത്രിക്ക് നഷ്ടപ്പെട്ടുകാണുമെന്ന് റാവത്ത് പരിഹസിച്ചു.




