കൊച്ചി: കളിയൊന്നും തോൽക്കാതെ കേരളാ ക്രിക്കറ്റ് രഞ്ജി ട്രോഫി ക്രിക്കറ്റിൽ നിന്ന് ഇത്തവണ പുറത്തായത് നിർഭാഗ്യം കൊണ്ടാണ്. 16 വയസ്സുള്ള ഏഡ ആപ്പിൾ ടോം അത്ഭുതം കാട്ടിയ വർഷം. ആദ്യ മത്സരത്തിൽ ആദ്യ പന്തിൽ വിക്കറ്റ്. മൊത്തം നാലെണ്ണം. ആദ്യ ഫസ്റ്റ് ക്ലാസ് മത്സരത്തിൽ തന്നെ കളിയിലെ കേമൻ. അപ്പിൾ ടോം താരമായ വർഷം. അങ്ങനെ ചെറുപയ്യൻ അത്ഭുതം കാട്ടുന്ന കേരളാ ക്രിക്കറ്റിൽ കഴിഞ്ഞ ദിവസം ഒരു വെറ്റ്റൻ താരത്തിനും ഒരു അവാർഡ് കിട്ടി. ആൾ ഇന്ത്യാ എസ് ബി ഐ ഇന്റർ സർക്കിൾ ടൂർണമെന്റിലെ ബസ്റ്റ് ബൗളർ പുരസ്‌കാരം. എസ് ബി ഐയുടെ കേരളാ സർക്കിളിലെ 47കാരനായ ഓഫ് സ്പിന്നർ സന്തോഷ് കരുണാകരനാണ് നേട്ടത്തിനുടമ.

കേരള ക്രിക്കറ്റ് അധികാരികൾക്ക് പല കാരണങ്ങൾ കൊണ്ട് ബാഡ് ഗൈയാണ് സന്തോഷ്. പക്ഷേ അതൊന്നും കൂസാതെ സന്തോഷ് 47-ാം വയസ്സിലും ഇടങ്കയ്യൻ ഓഫ് സ്പിന്നുമായി എതിരാളികളെ കറക്കി വീഴത്തുന്നു. തിരുവനന്തപുരം ലീഗിലെ വർഷങ്ങളായി ഏറ്റവും അധികം വിക്കറ്റ് നേടുന്ന താരം. ഒരു രഞ്ജി ട്രോഫി മത്സരം മാത്രമാണ് സന്തോഷ് കളിച്ചിട്ടുള്ളത്. പക്ഷേ നാലു കൊല്ലം കേരളാ രഞ്ജി ടീമിനൊപ്പം കറങ്ങി. അനന്തപത്മനാഭനും ഉംറി സുരേഷും രാംപ്രകാശുമെല്ലാം തകർത്തെറിഞ്ഞപ്പോൾ സന്തോഷിന്റെ പന്തുകൾ കേരളത്തിന് വേണ്ടി നേട്ടങ്ങളുണ്ടാക്കി. ബെഞ്ചിന് പുറത്തിരുന്ന് കളി കണ്ട സന്തോഷ് കരുണാകന് സീനിയേഴ്സിന്റെ കാലം കഴിഞ്ഞപ്പോൾ ആരും ഓർത്തതുമില്ല. ഈ ബൗളറാണ് എസ് ബി ഐ കേരളാ ടീമിന് മറ്റൊരു നേട്ടം നൽകുന്നത്.



എസ് ബി ടിയും എസ് ബി ഐയും ലയിച്ചതാണ് ബാങ്കിന്റെ ക്രിക്കറ്റ് ടീമെന്ന സംശയം പോലും ചർച്ചയായി. അവിടെ നിന്നാണ് ഓൾ ഇന്ത്യാ ടൂർണമെന്റിലെ റണ്ണറപ്പായി മാറുന്നത്. ഐപിഎൽ താരങ്ങൾ അടങ്ങിയ ഹൈദരാബാദിനോടാണ് കേരളം ഫൈനലിൽ തോൽപ്പിച്ചത്. 20-20 ടൂർണ്ണമെന്റിൽ നാലു കളിയിൽ നിന്ന് പത്ത് വിക്കറ്റാണ് സന്തോഷ് നേടിയത്. മുൻ കേരളാ ക്യാപ്ടൻ റെയ്ഫി വിൻസന്റ് ഗോമസിന്റെ സെഞ്ച്വറിയും എസ് ബി ഐ കേരളാ സർക്കിളിനെ ഫൈനലിലേക്ക് നയിക്കുന്നതിൽ നിർണ്ണായകമായി. മുൻ ഇന്ത്യൻ എ ടീം താരം വിഎ ജഗദീഷായിരുന്നു എസ് ബി ഐ ടീമിന്റെ ക്യാപ്ടൻ.

കേരളത്തെ സെമിയിലേക്ക് കൊണ്ടു പോയത് വിനുരൂപ് മനോഹരന്റെ ഉഗ്രൻ സെഞ്ച്വറിയാണ്. നിർണ്ണായക മത്സരത്തിൽ ഡൽഹിക്കെതിരെയായിരുന്നു അത്. ആദ്യ മത്സരത്തിൽ 67 പന്തിൽ 115 റൺസ് നേടി പുറത്താകാതെ നിന്ന റെയ്ഫിയും താരമായി. ജഗദീഷിന്റെ സ്ഥിരതയും എസ് ബി ഐയ്ക്ക് തുണയായി. കെ ജെ രാഗേഷും കെവിൻ ഓസ്‌കറും നന്നായി പന്തെറിഞ്ഞു. ടൂർണ്ണമെന്റിലെ മികച്ച ഫീൽഡർ വിനുരൂപാണ്. എന്നാൽ ഇവർക്കെല്ലാം ഉപരി സോഷ്യൽ മീഡിയയുടെ കൈയടി ഇപ്പോൾ നേടുന്നത് സന്തോഷ് കരുണാകരനാണ്. പല കാരണങ്ങൾ കൊണ്ട് കേരളാ ക്രിക്കറ്റ് അസോസിയേഷൻ പുറത്തു നിർത്തുന്ന താരം.

ഗോഡ് ഫാദർമാരില്ലാതെ കളിച്ചതാണ് തിരുവനന്തപുരത്തുകാരനായ സന്തോഷിന് രഞ്ജി ട്രോഫിയിൽ അരങ്ങേറ്റത്തിന് അപ്പുറമൊരു മത്സരം കളിക്കാൻ പറ്റാത്തതിന് കാരണം. എസ് ബി ഐയുടെ താരമായി തിളങ്ങുമ്പോഴും കേരളത്തിലെ ആരും പിന്തുണയ്ക്കാനില്ലാത്ത യുവതാരങ്ങൾക്ക് വേണ്ടി വാദിച്ചതോടെ കേരളാ ക്രിക്കറ്റിന് എന്നും തലവേദനയായി ഈ മിന്നും താരമെന്നതാണ് വസ്തുത. നിരവധി താരങ്ങളാണ് സോഷ്യൽ മീഡിയയിൽ സന്തോഷിനെ അഭിനന്ദിച്ച് കുറിപ്പിടുന്നത്.



കേരളാ വനിതാ ക്രിക്കറ്റ് ടീമിന്റെ മുൻ നായിക കൂടിയായ ശ്രീകലാ എസ് ആർ, സന്തോഷിന്റെ 47-ാം വയസ്സിലെ നേട്ടത്തെ കുറിച്ച് ഫെയ്സ് ബുക്കിൽ എഴുതിയത് ചുവടെ

Santhosh(KARU) @47
ഡൽഹിയിൽ മാർച്ച് 21-25 വരെ നടന്ന All India SBI Inter Circle Cricket tournament ൽ Best Bowler ആയി തിരഞ്ഞെടുത്ത, പ്രിയപ്പെട്ട സന്തോഷിന് എന്റെ അഭിനന്ദനങ്ങൾ
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും മികച്ച ക്രിക്കറ്റ് കളിക്കാർ മാറ്റുരക്കുന്ന ഈ മത്സരത്തിൽ,SBI കേരളത്തിനെ, runner-up സ്ഥാനത്തിൽ എത്തിക്കാൻ, നിർണ്ണായക പങ്ക് വഹിക്കാൻ സന്തോഷിന്റെ, ഇടം കൈയുടെ, സ്പിൻ മാജിക്കിന് കഴിഞ്ഞു എന്നത് എടുത്തു പറയാതെ വയ്യ....??????

47 വയസ്സിൽ നിൽക്കുന്ന, സന്തോഷ് എന്ന ഇടം കൈയൻ സ്പിന്നർ, ഇന്നത്തെ തലമുറയിലെ ബാറ്റ്സ്മാന്മാർക്കും ഒരു വെല്ലുവിളി തന്നെ.....
2018-19 കാലത്തെ തിരുവനന്തപുരം 'A' ഡിവിഷൻ ലീഗിൽ മികച്ച bowler ഈ വ്യക്തി ആയിരുന്നു. സെക്കന്റ് best വിക്കറ്റ് ടേക്കർ സ്ഥാനത്തു വന്ന, അണ്ടർ 19 കളിക്കാരൻ ബിജുവിന്, തന്റെ ട്രോഫി കൈമാറി, പുതു തലമുറയെ പ്രോത്സാഹിപ്പിക്കുന്നവരുടെ വേറിട്ടൊരു മുഖം ആയിമാറി....??

ഈ ഇടം കൈയൻ സ്പിന്നർനെ അറിയാത്ത, ക്രിക്കറ്റ് കളിക്കാർ കേരളത്തിൽ ഉണ്ടാവില്ല..കാരണം കളിയോടുള്ള അഭിനിവേശവും, വ്യക്തിത്വവും തന്നെ...
സ്ഥാനമാനങ്ങൾ മോഹിക്കാതെ, കേരള ക്രിക്കറ്റിനും , കളിക്കാർക്കും വേണ്ടി പൊരുതുന്ന നാലഞ്ചുപേരിൽ ഒരാളായി പോയ ഒരു വല്ല്യ 'തെറ്റ്'
ചെയ്ത ആ വ്യക്തിക്ക്, നൂറ് കണക്കിന് അന്താരാഷ്ട്ര കളിക്കാരെ എല്ലാ വർഷവും നൽകുന്ന , കേരള ക്രിക്കറ്റ് നടത്തിപ്പുക്കാര്, 'ബാൻ' എന്ന 'ഇമ്മിണി ബല്ല്യ ' ഒരു ട്രോഫി സമ്മാനിച്ച് സായൂജ്യമടഞ്ഞു
എന്തിനേറെ പറയുന്നു...ഈ കഴിഞ്ഞ Kerala Veteren Premier League ൽ , (ഇതിൽ നിന്നാണ് ഇന്ത്യൻ ടീം സെലെക്ഷൻ, അത് മറക്കണ്ട )......കഴിഞ്ഞ വർഷം വരെ ഏറ്റവും കൂടിയ വിലയ്ക്ക് ലേലം പോയിരുന്ന സന്തോഷിനെ, ടീമിലെടുക്കാൻ ഒരു ടീം ഉടമസ്ഥരും തയ്യാറായില്ല... കാരണം, സന്തോഷിനെ ടീമിൽ എടുത്താൽ, മുന്തിയ ഏമാന്മാർ കോപിച്ചാലോ.... കഷ്ടം..(ടീം ഉടമകളെല്ലാം, കേരളത്തിലെ അറിയപ്പെടുന്ന പഴയ തലമുറയിലെ കളിക്കാരാണെന്നത്, ഒരു വല്ല്യ കൈയടി അർഹിക്കുന്നു??)

ഇത് മാത്രം അല്ല, സന്തോഷിനൊപ്പവും, മുൻപും, പിൻപും കളിച്ചവരും, കരുബായ്..... കരു..... എന്ന് സ്നേഹം മൂത്ത്, മുഴുവനായും വിളിക്കാൻ പോലും സാധികാത്ത,സന്തോഷിന്റെ വലതും ഇടതും മാത്രം എപ്പോഴും കാണാറുള്ള ചില പഴയ മുന്തിയ കളിക്കാരും, 'കമ' എന്ന് ആരോടും ഒരു ചോദ്യം പോലും ചോദിക്കാതെ, 'സ്വന്തം കാര്യം സിന്ദാബാദ് ' എന്ന് പറഞ്ഞ് ഓടി പോയി VPL കളിച്ചതും.... അവർ, 'വിശിഷ്ട സ്വഭാവത്തി'നുള്ള, ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹരായി എന്നത്, കേരളത്തിലെ എല്ലാ കളിക്കാർക്കും അഭിമാനിക്കാനുള്ള ഒരു വസ്തുത ആണ്...
ഇത്രയും എഴുതാൻ എന്നെ പ്രരിപ്പിച്ചത്, ഈ കഴിഞ്ഞ ദിവസം 'C'ഡിവിഷൻ ലീഗ് പോലും കളിച്ചിട്ടില്ലാത്ത, കുറച്ചു ചെറുപ്പകാരായ കളിക്കാരുടെ ചില തെറ്റ് ധാരണകൾ ആണ്....
'കരു ഭായിയെ VPL ലെ ഒരു ഉടമസ്ഥരും ലേലത്തിൽ പോലും എടുത്തില്ല ' എന്ന്... 'കഥ അറിയാതെ ആട്ടം കാണുന്ന' ആ കളിക്കാരോട്, പറയാനുള്ള മറുപടിയാണ് ഈ ഓൾ ഇന്ത്യ ലെവലിൽ വന്ന 'BEST BOWLER AWARD'....

ചുരുക്കത്തിൽ ഒരു കാര്യം മാത്രം.... കളിക്കാർക്കു വേണ്ടി ശബ്ദം ഉയർത്തുന്നവർക്ക് പിന്തുണ നൽകി, കളിക്കളം വിട്ടൊഴിഞ്ഞ കളിക്കാരെങ്കിലും മുന്നിലേക്ക് വന്നില്ലെങ്കിൽ....14 ജില്ല മാത്രമുള്ള കേരളത്തിൽ 18 അന്താരാഷ്ട്ര നിലവാരമുള്ള ഗ്രൗണ്ട് ഉണ്ടാക്കിയ വീബും പറഞ്ഞ്, ഒരു അന്താരാഷ്ട്ര കളിക്കാരനെ പോലും സൃഷ്ടിക്കാൻ കഴിയാതെ നമുക്ക് മുന്നേറാം.....
ക്രിക്കറ്റ് ലോകത്തെ സ്ഥാനമാനങ്ങൾക്ക് വേണ്ടി, അന്യായങ്ങൾ കണ്ടില്ലെന്ന് നടിച്ച്, ഓച്ചാനിച്ചും, യാചിച്ചും നിൽക്കുന്ന, വെയിൽ കൊണ്ട് കളിച്ച, എല്ലാ കഥകളും അറിയുന്ന നിങ്ങൾക്ക് ഓരോരുത്തർക്കും വേണ്ടി ഭഗവാനോട് പ്രാർത്ഥന മാത്രം ??
' ഇവർക്ക് നന്നായിക്കൂടെ '
ഒപ്പം എന്റെ ഭാഷയിൽ സന്തോഷിനോട്.....

'ചെക്കാ...... തുസി ഗ്രേറ്റ് ഹോ'!