തിരുവനന്തപുരം: കേന്ദ്രസർക്കാർ നടപ്പാക്കുന്ന തൊഴിൽ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത 48 മണിക്കൂർ പൊതുപണിമുടക്ക് ആരംഭിച്ചു. 48 മണിക്കൂർ ദേശീയ പണിമുടക്ക് ഞായറാഴ്ച അർദ്ധരാത്രിയോടെ തുടങ്ങി ചൊവ്വാഴ്ച അർദ്ധരാത്രി വരെ നീളും. അവശ്യ സർവീസുകളെ പണിമുടക്കു ബാധിക്കില്ലെന്നു തൊഴിലാളി സംഘടനാ നേതാക്കൾ അറിയിച്ചു. ബിജെപിയുടെ പോഷക സംഘടനയായ ബിഎംഎസ് ഒഴികെ ഇരുപതോളം തൊഴിലാളി സംഘടനകളാണു പണിമുടക്കുന്നത്. പാൽ, പത്രം,ആശുപത്രി, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ,വിദേശ വിനോദ സഞ്ചാരികളുടെ യാത്ര തുടങ്ങിയ മേഖലകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ബാങ്ക് ജീവനക്കാരുടെ എല്ലാ സംഘടനകളും സമരത്തിൽ ഇല്ലെങ്കിലും മിക്ക ബാങ്കുകളും പ്രവർത്തിക്കാൻ സാധ്യതയില്ല. എടിഎമ്മുകളിൽ പണമുണ്ടെന്നു ബാങ്കുകൾ അറിയിച്ചു. ആശുപത്രി, വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കു കെഎസ്ആർടിസി പരമാവധി സർവീസുകൾ നടത്തുമെന്നു മന്ത്രി ആന്റണി രാജു അറിയിച്ചു. വേണ്ടത്ര യാത്രക്കാരുണ്ടെങ്കിൽ കെഎസ്ആർടിസി ഡിപ്പോകളിൽനിന്നു സർവീസ് നടത്തുമെന്നും മന്ത്രി പറഞ്ഞു. കൽക്കരി, ഉരുക്ക്, എണ്ണ, ടെലികോം, തപാൽ, ആദായ നികുതി, ഇൻഷുറൻസ് തുടങ്ങി വിവിധ മേഖലകളിലെ തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി തൊഴിലാളി യൂണിയനുകൾ പ്രസ്താവനയിൽ അറിയിച്ചു.

മോട്ടോർ വാഹന തൊഴിലാളികൾ,ബാങ്ക്, റെയിൽവേ, വൈദ്യുതി തുടങ്ങിയ മേഖലകളിലെ തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കുന്നതോടെ സാധാരണ ജീവിതത്തെ കാര്യമായി ബാധിക്കും. സർക്കാർ ഓഫീസുകളുടെ പ്രവർത്തനവും താളംതെറ്റും. കഴിഞ്ഞ നാല് ദിവസമായി സ്വകാര്യ ബസ് സമരത്തിൽ നട്ടം തിരിഞ്ഞ കേരളത്തിലെ സാധാരണക്കാരന് രണ്ടു ദിവസത്തെ പണിമുടക്ക് കൂടുതൽ ആഘാതം സൃഷ്ടിക്കും.

ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് സ്വകാര്യ വാഹനങ്ങൾ റോഡിലിറക്കരുതെന്ന് യൂണിയനുകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. കട കമ്പോളങ്ങൾ അടച്ചിടണമെന്ന് യൂണിയനുകൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പണിമുടക്കിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്. തുറക്കുന്ന കടകൾക്ക് സംരക്ഷണം ആവശ്യപ്പെട്ട് വ്യാപാരികൾ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.

ഐഎൻടിയുസി, എഐടിയുസി, എച്ച്എംഎസ്, സിഐടിയു, എഐയുടിയുസി, എസ്ഇഡബ്ല്യുഎ, എഐസിസിടിയു, എൽപിഎഫ്, യുടിയുസി തുടങ്ങിയ സംഘടനകൾ സംയുക്തമായിട്ടാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് പണിമുടക്കുന്ന തൊഴിലാളികൾ സമരകേന്ദ്രങ്ങളിൽ അണിനിരക്കും. ഓരോ ജില്ലയിലും 25ൽ കുറയാത്ത സമരകേന്ദ്രമുണ്ടാകും. തലസ്ഥാനത്തെ കേന്ദ്രത്തിൽ അയ്യായിരത്തിലധികം തൊഴിലാളികൾ മുഴുവൻ സമയംപങ്കെടുക്കും. പൊതുയോഗം തിങ്കൾ പകൽ 11-ന് സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്ഘാടനംചെയ്യും. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ അധ്യക്ഷനാകും.

വിവിധ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലുള്ള ദ്വിദിന ദേശീയ പണിമുടക്കിൽ ബാങ്ക് തൊഴിലാളി യൂണിയനുകളും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പൊതുമേഖല ബാങ്കുകളെ സ്വകാര്യ വത്കരിച്ചുകൊണ്ടിരിക്കുന്ന കേന്ദ്ര സർക്കാർ നടപടികൾ പ്രതിഷേധിച്ചാണ് ബാങ്ക് ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരിക്കുന്നത്.

അതേസമയം രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്‌ബിഐ അറിയിച്ചിരിക്കുന്നത്, പണിമുടക്ക് ദിവസങ്ങളിൽ തങ്ങളുടെ ശാഖകളിലും ഓഫീസുകളിലും സാധാരണ പ്രവർത്തനം ഉറപ്പാക്കാൻ ബാങ്ക് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്നാണ്. അതേ സമയം തന്നെ ബാങ്കിന്റെ പ്രവർത്തനത്തിൽ ഒരു പരിധിവരെ പണിമുടക്ക് ബാധിച്ചേക്കാമെന്നും എസ്‌ബിഐ അറിയിച്ചിട്ടുണ്ട്. മറ്റു ബാങ്കുകളുടെ പ്രവർത്തനത്തേയും പണിമുടക്ക് ബാധിച്ചേക്കും.

എന്നാൽ സഹകരണ മേഖലയിലെ ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുന്നതുകൊണ്ട് സഹകരണ ബാങ്കുകൾ നാളെയും മറ്റന്നാളും പ്രവർത്തിച്ചേക്കില്ല. പൊതുപണിമുടക്കിന്റെ പശ്ചാത്തലത്തിൽ ശനി, ഞായർ ദിവസങ്ങളിൽ സഹകരണ ബാങ്കുകൾ തുറന്ന് പ്രവർത്തിച്ചിരുന്നു. പണിമുടക്കിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അടഞ്ഞുകിടക്കുന്നതിനാൽ സഹകരണ രജിസ്ട്രാറാണ് ശനി, ഞായർ ദിവസങ്ങളിൽ തുറക്കാൻ ഉത്തരവിറക്കിയത്.

പൊതുപണിമുടക്കുമായി ബന്ധപ്പട്ട് അവശ്യ സർവീസുകൾ അയക്കുന്നതിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കെഎസ്ആർടിസി അറിയിച്ചു. 'ആശുപത്രികൾ, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്കുള്ള അത്യാവശ്യ സർവീസുകൾ പരമാവധി ക്രമീകരിക്കുന്നതാണ്. ക്രമസമാധാന പ്രശ്‌നങ്ങൾ ഇല്ലാതെ പൊലീസ് സഹായത്തോടെയും നിർദ്ദേശപ്രകാരവും ജീവനക്കാരുടെ ലഭ്യത അനുസരിച്ചും ട്രാഫിക് ഡിമാന്റ് അനുസരിച്ചും മറ്റ് പ്രധാന റൂട്ടുകളിൽ സർവീസുകൾ അയക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിച്ചു' കെഎസ്ആർടിസി മാനേജ്‌മെന്റ് അറിയിച്ചു.