- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ 12 ഡിഗ്രി കോഴ്സുകളും അഞ്ച് പി.ജി. കോഴ്സുകളും; ആസ്ഥാന മന്ദിരം ഇക്കൊല്ലം
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ 12 ഡിഗ്രി കോഴ്സുകളും അഞ്ച് പി.ജി. കോഴ്സുകളും തുടങ്ങുന്നതിന് തുക വകയിരുത്തിയ ബജറ്റിന് അംഗീകാരം. സർവകലാശാലയുടെ സമഗ്രവികസനം ലക്ഷ്യമാക്കി 83.49 കോടി വരവും 90.58 കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിനാണ് അംഗീകാരം നൽകിയത്. സർവകലാശാലാ ആസ്ഥാനത്ത് വൈസ് ചാൻസലർ പി.എം.മുബാറക് പാഷയുടെ അധ്യക്ഷതയിൽ സിൻഡിക്കറ്റ് അംഗവും ഫിനാൻസ് സ്റ്റാൻഡിങ് കമ്മിറ്റി കൺവീനറുമായ ബിജു കെ.മാത്യുവാണ് ബജറ്റ് അവതരിപ്പിച്ചത്.
ഇക്കൊല്ലംതന്നെ ആസ്ഥാനമന്ദിരം നിർമ്മിക്കും. ആസ്ഥാനമന്ദിര നിർമ്മാണത്തിനുള്ള സ്ഥലത്തിന് 35 കോടിയും കെട്ടിടനിർമ്മാണത്തിന് ആദ്യഗഡുവായി 10 കോടി രൂപയും നീക്കിവെച്ചു. തദ്ദേശസ്ഥാപന പ്രതിനിധികൾക്കുള്ള സർട്ടിഫിക്കറ്റ് കോഴ്സ്, സർട്ടിഫിക്കറ്റ് കോഴ്സുകളുടെ പട്ടിക തയ്യാറാക്കാനുള്ള വിദഗ്ധ കമ്മിറ്റിയുടെ രൂപവത്കരണം തുടങ്ങിയവയ്ക്ക് പത്തുലക്ഷം രൂപ അനുവദിച്ചു.കോഴ്സുകളുടെ നടത്തിപ്പിനും വിദൂരവിദ്യാഭ്യാസത്തിനുമുള്ള യുജിസി. അംഗീകാരത്തിനും ഇതര അക്കാദമിക പ്രവർത്തനങ്ങൾക്കുമായി 1.50 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്.
വെള്ളയിട്ടമ്പലത്ത് തുടങ്ങുന്ന അക്കാദമിക്ക് ബ്ലോക്കിലെ സംവിധാനങ്ങളായ ലൈബ്രറിക്ക് ഒരുകോടി, കംപ്യൂട്ടർ സെന്ററിന് 40 ലക്ഷം, വെർച്വൽ സ്റ്റുഡിയോ പ്രൊഡക്ഷന് ഒരുകോടി, റിപ്രോഗ്രഫിക് സെന്ററിന് 50 ലക്ഷം, കംപ്യൂട്ടർവത്കരണത്തിന് 40 ലക്ഷം, മറ്റുജില്ലകളിലെ കേന്ദ്രങ്ങൾക്കായി 1.60 കോടി എന്നിങ്ങനെ തുക വകയിരുത്തി. അതിനൂതന സോഫ്റ്റ്വേറിനായി രണ്ടുകോടി രൂപ നീക്കിവെച്ചിട്ടുണ്ട്.
ബജറ്റ് അവതരണത്തിൽ പ്രോ വൈസ് ചാൻസലർ എസ്.വി.സുധീർ, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. കെ.ശ്രീവത്സൻ, ഡോ. എം.ജയപ്രകാശ്, എ.നിസാമുദീൻ കായിക്കര, ഡോ. ടി.എം.വിജയൻ, ഡോ. എ.പസിലത്തിൽ, ഡോ. സി.ഉദയകല, ഡോ. എം.ജയമോഹൻ, ഫിനാൻസ് ഓഫീസർ വി.അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.