ലിൻകോൾ (നെബ്രസ്‌ക): നെബ്രസ്‌കായിൽനിന്നുള്ള റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം ജെഫ് ഫോർട്ടൽബെറി തെരഞ്ഞെടുപ്പു ഫണ്ട് സമാഹരണത്തിൽ തിരിമറി നടത്തുകയും എഫ്ബിഐ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം നൽകാതെ കള്ളം പറഞ്ഞുവെന്നും ഫെഡറൽ ജൂറി കണ്ടെത്തി. മാർച്ച് 24നാണ് ഇതുസംബന്ധിച്ച സുപ്രധാന വിധി വന്നത്.

2016 ലായിരുന്നു സംഭവം. നൈജീരിയൻ കോടിശ്വരനും ലെബനൻ വംശജനുമായ ഗിൽബർട്ട് ചഗൗറിയിൽനിന്നും 30,000 ഡോളർ സംഭാവനയായി സ്വീകരിച്ചതുമായി ബന്ധപ്പെട്ട് വിവരങ്ങൾ മറച്ചുവച്ചതിനും അധികാരികളോട് തെറ്റായ പ്രസ്താവനകൾ നടത്തിയതിനും ഒമ്പതു തവണ റിപ്പബ്ലിക്കൻ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. ഓരോ ചാർജിനും അഞ്ചു വർഷം വീതമാണ് ശിക്ഷ ലഭിക്കുക.

ജൂറി വിധി പുറത്തുവന്ന ഉടൻ തന്നെ ഹൗസ് സ്പീക്കറും കലിഫോർണിയായിൽനിന്നുള്ള ഡെമോക്രാറ്റ് അംഗവുമായ നാൻസി പെലോസിയും മൈനോരിറ്റി ലീഡറും കലിഫോർണിയായിൽനിന്നുള്ള റിപ്പബ്ലിക്കൻ അംഗവുമായ കെവിൻ മെക്കാർത്തിയും ജെഫ് ഫോർട്ടൽബെറിയുടെ രാജി ആവശ്യപ്പെട്ടു.

കുറ്റക്കാരനെന്നു കണ്ടെത്തിയാൽ ആരായാലും ഉടൻ രാജിവയ്ക്കണമെന്ന് കെവിൻ മെക്കാർത്തി പറഞ്ഞു. സ്വന്തം പാർട്ടിയിലെ അംഗമായ ജെഫുമായി ഉടനെ ഇതിനെക്കുറിച്ചു ചർച്ച ചെയ്യുമെന്നും കെവിൻ കൂട്ടിചേർത്തു. അതേസമയം വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ജെഫ് അറിയിച്ചു.