സാലേം (ഒറിഗൺ): യുഎസിലെ ഒറിഗൺ ശാലേം നോർത്ത് ഈസ്റ്റിൽ ഭവനരഹിതർ കൂട്ടമായി താമസിക്കുന്ന ക്യാംപിലേക്ക് വാഹനം ഇടിച്ചുകയറി നാലു പേർ മരിച്ചു. മൂന്നുപേർക്കു പരുക്കേറ്റു. കേസിൽ 24 വയസുള്ള യുവാവിനെ അറസ്റ്റ് ചെയ്തതായി സാലേം പൊലീസ് അറിയിച്ചു. മാർച്ച് 27 ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.

യൂണിയൻ ഇന്റർ സെക്ഷൻ ഫ്രണ്ട് സ്ട്രീറ്റിലൂടെ വടക്കു വശത്തേക്ക് പോയിരുന്ന വാഹനം റോഡിൽ നിന്നു തെന്നിമാറി ഭവനരഹിതരുടെ താമസസ്ഥലത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. കാറിനടിയിൽപെട്ടു രണ്ടുപേർ തൽക്ഷണം മരിച്ചു.രണ്ടുപേർക്ക് ആശുപത്രിയിൽ വച്ചു ജീവൻ നഷ്ടപ്പെട്ടു.

ടെന്റുകൾ കെട്ടിയായിരുന്നു ഭവനരഹിതർ ഇവിടെ കഴിഞ്ഞിരുന്നത്. പുലർച്ചയായതിനാൽ നല്ല ഉറക്കത്തിലായിരുന്നു എല്ലാവരും. പല ടെന്റുകളും തകർത്തു മുന്നോട്ടു പോയ കാർ മരങ്ങളിൽ ഇടിച്ച് അവസാനത്തെ ടെന്റിൽ ഇടിച്ചാണു നിന്നതെന്നു ദൃക്സാക്ഷികൾ പറഞ്ഞു.

റെയ്ൽ റോഡ് ട്രാക്കിൽ നിന്നും ഏതാനും അടി ദൂരത്തായിരുന്നു ടെന്റുകൾ ഉണ്ടാക്കിയിരുന്നത്. അപകടത്തിൽപെട്ട 24കാരൻ മദ്യപിച്ചിരുന്നതായിരിക്കാം കാറിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണമെന്നാണു പൊലീസിന്റെ പ്രഥമിക നിഗമനം. ഇയാൾക്കെതിരെ കൊലക്കുറ്റം ഉൾപ്പെടെ നിരവധി വകുപ്പുകൾ ചുമത്തി കൗണ്ടി ജയിലിലടച്ചു.