രൂക്ഷമായ വിലക്കയറ്റത്തിൽ നടുവൊടിഞ്ഞ ജനങ്ങൾ ആശ്വാസം പകരുകയും വരാൻ പോകുന്ന ഇലക്ഷന് മുന്നോടിയായിട്ടുള്ള വാഗ്ദാനങ്ങളുമായി ഓസ്‌ട്രേലിയൻ സർക്കാർ ബജറ്റിൽ ഇളവുകൾ പ്രഖ്യാപിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ ആറു മാസത്തേക്ക് വെട്ടിക്കുറച്ചതാണ് ഏറ്റവും ആശ്വാസകരമായ നടപടി.

സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തിയിരിക്കുന്ന പെട്രോൾ, ഡീസൽ വില പിടിച്ചുനിർത്തുന്നതിനായി, എക്‌സൈസ് തീരുവ വെട്ടിക്കുറയ്ക്കാൻ ആണ് സർക്കാർ തീരുമാനിച്ചത്.നിലവിലുള്ളതിന്റെ പകുതിയായാണ് തീരുവ കുറച്ചത്.നിലവിൽ 44.2 സെന്റായിരുന്നു ഒരു ലിറ്റർ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ.ഇത് 22.1 സെന്റായി കുറച്ചു. അടുത്ത ആറു മാസത്തേക്കാണ് ഈ കുറവ് പ്രാബല്യത്തിലുണ്ടാകുക.

രണ്ടു കാറുകളുള്ള ഒരു കുടുംബത്തിന് ശരാശരി മാസം 30 ഡോളർ ഇതിലൂടെ ലാഭിക്കാൻ കഴിയുമെന്ന് ട്രഷറർ പറഞ്ഞു.ആറു മാസം കൊണ്ട് 700 ഡോളറിന്റെ ലാഭമുണ്ടാകുമെന്നും ട്രഷറർ ചൂണ്ടിക്കാട്ടി.

കുറഞ്ഞ വരുമാനക്കാർക്കും ഇടത്തരം വരുമാനക്കാർക്കുമായി നേരത്തേ പ്രഖ്യാപിച്ചിരുന്ന ആദായനികുതി ഇളവ് (Lower and Middle Income Tax Offset) ഒരു വർഷം കൂടി നീട്ടാനാണ് തീരുമാനം.മാത്രമല്ല, ഈ ഇളവ് വർദ്ധിപ്പിക്കുകയും ചെയ്യും.

രണ്ടു പേരും ജോലി ചെയ്യുന്ന ദമ്പതികൾക്ക് 2,160 ഡോളർ വരെയും, ഒരാൾ മാത്രം ജോലി ചെയ്യുന്ന കുടുംബത്തിലെ വ്യക്തികൾക്ക് 1,080 ഡോളർ വരെയുമായിരുന്നു നേരത്തേ ഇളവ് നൽകിയിരുന്നത്.ഇത് വ്യക്തികൾക്ക് 1,500 ഡോളറായും, ദമ്പതികൾക്ക് 3,000 ഡോളറായും വർദ്ധിപ്പിക്കും.

ഓരോ വരുമാനവിഭാഗത്തിലുമുള്ള വ്യക്തികൾക്ക് ലഭിക്കുന്ന ആദായനികുതി ഇളവ് ഇങ്ങനെയാണ്

വരുമാനം ഇളവ്
37,000 ഡോളർ വരെ $675 വരെ
37,001 മുതൽ 48,000 ഡോളർ വരെ $675 - 1,500 ഡോളർ വരെ
48,000 മുതൽ 90,000 ഡോളർ വരെ $1,500
90,001 മുതൽ 1,25,999 വരെ $420 - $1,500 വരെ
ഈ വർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ പുതിയ ഇളവ് ലഭിക്കും.

ജീവിതച്ചെലവ് നേരിടാനായി 250 ഡോളറിന്റെ ഒറ്റത്തവണ സഹായവും സർക്കാർ പ്രഖ്യാപിച്ചു.വിവിധ സാമൂഹിക സുരക്ഷാ ഫണ്ടിങ് സഹായം ലഭിക്കുന്നവർക്കാണ് ഈ ഒറ്റത്തവണ ആനുകൂല്യം ലഭിക്കുക.പെൻഷൻകാർ, മറ്റ് വെൽഫെയർ ആനുകൂല്യങ്ങൾലഭിക്കുന്നവർ, കൺസഷൻ കാർഡുടമകൾ തുടങ്ങി 60 ലക്ഷത്തോളം പേർക്ക് ഇത് ലഭിക്കും.

പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് നടത്തിയ ബജറ്റവതരണത്തിൽ, അടിസ്ഥാന സൗകര്യ വികസന മേഖലയിലെ നിക്ഷേപം വർദ്ധിപ്പിക്കുന്നതിനും, കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നതിനുമുള്ള പ്രഖ്യാപനമുണ്ട്.