- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗ്രാമീണ മേഖലയിലെ നിയമസഭാംഗങ്ങൾക്ക് മുംബൈയിൽ 300 വീടുകൾ നൽകുമെന്ന് ഉദ്ധവ് താക്കറെ; പദ്ധതിയെ എതിർത്ത് ശരദ് പവാറും ബിജെപിയും
മുംബൈ: സംസ്ഥാനത്തെ ഗ്രാമീണ മേഖലകളിൽ നിന്നുള്ള എംഎൽഎമാർക്കും എംഎൽസിമാർക്കും മുംബൈയിൽ മുന്നൂറു വീട് നൽകാനുള്ള മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നീക്കത്തിൽ എതിർപ്പ് അറിയിച്ച് എൻസിപി അധ്യക്ഷൻ ശരദ് പവാർ.
മഹാവികാസ് അഘാഡി സർക്കാരാണ് തീരുമാനമെടുത്തത്, എന്നാൽ നിയമസഭാ സാമാജികർക്ക് സർക്കാർ വീടുകൾ നിർമ്മിക്കേണ്ടതില്ലെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് ശരദ് പവാർ പറഞ്ഞു.
പദ്ധതിക്കെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. സഖ്യസർക്കാറിനെ സംരക്ഷിക്കാനുള്ള നീക്കമാണ് സൗജന്യ വീട് നൽകുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് ബിജെപി വിമർശിച്ചു. സർക്കാർ തീരുമാനത്തിനെതിരെ സോഷ്യൽമീഡിയയിലും പ്രതിഷേധം ശക്തമാണ്.
ഭൂരിപക്ഷം നിയമസഭാംഗങ്ങളും കോടീശ്വരന്മാരാണെന്നും അവർ അഞ്ച് വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടവരാണെന്നും വിമർശനമുയർന്നു. സംസ്ഥാനത്തിന്റെ കടബാധ്യത 6.25 ലക്ഷം കോടിയായി ഉയർന്ന സാഹചര്യത്തിൽ എംഎൽഎമാർക്കും എംഎൽസിമാർക്കും വീടുകൾക്കായി വൻ തുക ചെലവഴിക്കേണ്ടതിന്റെ ആവശ്യമെന്താണെന്ന് ചോദ്യമുയർന്നു.
മുംബൈ മേഖലക്ക് പുറത്തുള്ള നിയമസഭാ സാമാജികർ നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ഗോരെഗാവിൽ നിയമസഭാംഗങ്ങൾക്ക് 300 വീടുകൾ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചതായി മാർച്ച് 25നാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിയമസഭയിൽ അറിയിച്ചത്.
സംസ്ഥാനത്ത് 288 എംഎൽഎമാരും 78 എംഎൽസിമാരും അടക്കം 366 നിയമസഭാംഗങ്ങളാണുള്ളത്. 54 മുതൽ 60 വരെ മുംബൈ, താനെ, നവി മുംബൈ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ബാക്കിയുള്ളവർ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ളവരാണ്. മുംബൈ, നവി മുംബൈ, താനെ എന്നിവിടങ്ങളിൽ താമസ സൗകര്യമില്ലാത്ത എല്ലാ നിയമസഭാംഗങ്ങൾക്കും വീട് നൽകാനാണ് മുഖ്യമന്ത്രിയുടെ പദ്ധതി.
ഗ്രാമീണമേഖലയിലെ പല നിയമസഭാംഗങ്ങൾക്കും മുംബൈയിൽ വീട് വാങ്ങാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ സഖ്യ സർക്കാറിൽ നിന്ന് പ്രതിപക്ഷത്തേക്ക് എംഎൽഎമാർ കൂറുമാറാൻ സാധ്യതയുള്ളതിനാലാണ് സൗജന്യവീട് പദ്ധതി നടപ്പാക്കുന്നതെന്ന് ബിജെപി ആരോപിച്ചു.
എംഎൽഎമാർക്ക് വീടും ഫ്‌ളാറ്റും നൽകുന്നതിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അശോക് ചവാൻ പറഞ്ഞു. ഉപമുഖ്യമന്ത്രി അജിത് പവാർ, ഭവനമന്ത്രി ജിതേന്ദ്ര ഔഹാദ് തുടങ്ങിയവും മുഖ്യമന്ത്രിയുടേതിൽ നിന്ന് വ്യത്യസ്ത അഭിപ്രായമാണ് പറഞ്ഞത്.
വീടുകൾ സൗജന്യമായി നൽകില്ലെന്ന് രണ്ട് ദിവസം മുമ്പ് ഭവനമന്ത്രി പറഞ്ഞിരുന്നു. ഫ്‌ളാറ്റ് വേണമെങ്കിൽ 70 ലക്ഷം രൂപ നൽകണം. സ്വന്തം പേരിലോ ഭാര്യയുടെ പേരിലോ വീടില്ലാത്ത എംഎൽഎമാർക്ക് വീട് നൽകുമെന്ന് അജിത് പവാർ പറഞ്ഞിരുന്നു.




