മൂവാറ്റുപുഴ : വിനോദയാത്ര പോയ പെൺകുട്ടികൾ അടക്കമുള്ള പഠിതാക്കളോട് ബസ് ജീവനക്കാർ ക്രൂരമായി പെരുമാറിയെന്ന് ആരോപണം. മുവാറ്റുപുഴ നിർമ്മല കോളേജിൽ നിന്ന് കൂർഗിലേക്ക് വിനോദയാത്ര പോയ കുട്ടികൾക്കാണ് മോശം അനുഭവം ഉണ്ടായത്. ജീവനക്കാർ യാത്ര തുടങ്ങിയപ്പോൾ മുതൽ ക്യാബിനിൽ ഇരുന്ന് മദ്യപിക്കുകയും പുകവലിക്കുകയും വിദ്യാർത്ഥികളോട് അപമര്യാദയായി പെരുമാറുകയും ആയിരുന്നു.

കൂടെയുണ്ടായിരുന്ന അദ്ധ്യാപികയുടെ പരാതിയിൽ ബസിലുണ്ടായിരുന്ന അഞ്ച് പേരെ മുവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു.വ്യാഴാഴ്ചയാണ് അങ്കമാലി ആസ്ഥാനമായുള്ള ഗ്രീൻ കേരള എന്ന ടൂർ കമ്പനി ഏർപ്പാട് ചെയ്ത വാഹനത്തിൽ 30 ആൺകുട്ടികളും 23 പെൺകുട്ടികളും 3 അദ്ധ്യാപകരും അടക്കമുള്ള സംഘം കൂർഗിലേക്ക് പുറപ്പെട്ടത്. വാഹനത്തിന്റെ ചുമതലക്കാരായി ഡ്രൈവർ ഉൾപ്പെടെ 5 പേരാണ് കയറിയത്.

രണ്ടര ലക്ഷത്തോളം രൂപ നൽകി ഭക്ഷണവും താമസവും അടക്കമുള്ള ടൂർ പാക്കേജാണ് ഉറപ്പ് നൽകിയതെങ്കിലും പഴകിയ ഭക്ഷണമാണ് നൽകിയതെന്ന് വിദ്യാർത്ഥിനികൾ പറഞ്ഞു. ഭക്ഷ്യവിഷബാധമൂലം 21 വിദ്യാർത്ഥികൾ ശർദ്ദിക്കുകയും ചെയ്തു. വൃത്തിഹീനമായ ടോയിലറ്റിൽ പോകാൻ വിദ്യാർത്ഥിനികൾ വിസമ്മതിച്ചപ്പോൾ വിജനമായ കാട്ടുപ്രദേശത്ത് വാഹനം നിറുത്തി പറമ്പിൽ പോകാൻ ബസ് ജീവനക്കാർ പറഞ്ഞു.

ചോദ്യം ചെയ്ത ആൺകുട്ടികളെ തല്ലാനോങ്ങുകയും ശർദ്ദിൽ മൂലം താഴെയിറങ്ങിയ പെൺകുട്ടികളെ കയറ്റാതെ വാഹനം പോകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തന്റെ കുഞ്ഞുങ്ങളെ ഒന്നും ചെയ്യരുതെന്ന് അദ്ധ്യാപിക കൈകൂപ്പി അപേക്ഷിക്കേണ്ടതായും വന്നു. ഞായറാഴ്ച രാവിലെ 11 മണിക്ക് കോളേജിലെത്തേണ്ട വാഹനം കാത്ത് രക്ഷകർത്താക്കളും അദ്ധ്യാപകരും കാത്തിരുന്നെങ്കിലും രാത്രി 9 മണിയോടെയാണ് ബസ് എത്തിയത്. ഇതിനിടെ 18000 രൂപ നൽകിയില്ലെങ്കിൽ ബസ് മാഹിയിൽ എത്തുമ്പോൾ ഇറക്കി വിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ തുക വീട്ടുകാരെ വിളിച്ച് കുട്ടികൾ പിരിച്ചു നൽകി. ഇതിനിടെ പലവട്ടം ബസ് നിറുത്തിയിട്ട് ജീവനക്കാർ കിടന്നുറങ്ങുകയും ചെയ്തു. കൊടുംചൂടിൽ വിദ്യാർത്ഥികൾ ഇവരുടെ ദയ കാത്തിരിക്കേണ്ടി വരികയും ചെയ്തു.

രാത്രി ബസ് എത്തിയപ്പോൾ രക്ഷകർത്താക്കളും അദ്ധ്യാപകരും വിദ്യാർത്ഥികളും അടക്കം മുന്നൂറോളം പേർ തടിച്ചുകൂടിയിരുന്നു. മുവാറ്റുപുഴ പൊലീസ് സ്ഥലത്തെത്തി. രാത്രി തന്നെ അദ്ധ്യാപികയുടെ പരാതിയിൽ ബസിൽ ഉണ്ടായിരുന്ന കോളേജ് യൂണിയൻ വൈസ് ചെയർപേഴ്‌സന്റെയും മറ്റൊരു വിദ്യാർത്ഥിയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. ഇതിനിടെ ആരോ ബസിന് കല്ലെറിഞ്ഞതായി കാണിച്ച് ഇന്നലെ ടൂർ ഓപ്പറേറ്റർ കൗണ്ടർ പരാതിയും നൽകി.