- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായി സർക്കാരിന്റെ കാലത്ത് ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടത് എട്ടു മാവോയിസ്റ്റുകളെന്ന് കേന്ദ്രസർക്കാർ; സുരക്ഷാകാര്യങ്ങൾക്കായി കേന്ദ്രം അനുവദിച്ചത് 6.67 കോടിരൂപ
ന്യൂഡൽഹി: പിണറായി വിജയൻ സർക്കാർ അധികാരമേറ്റ 2016 മുതൽ ഇതുവരെ കേരളത്തിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടത് എട്ടു മാവോയിസ്റ്റുകളെന്ന് കേന്ദ്രസർക്കാർ. ലോക്സഭയിൽ കെ. സുധാകരൻ എംപി.യുടെ ചോദ്യത്തിന് ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ് റായി രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.
മാവോവാദിപ്രശ്‌നമുള്ള പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലായി അടിസ്ഥാനസൗകര്യവികസനത്തിനും സുരക്ഷാകാര്യങ്ങൾക്കുമായി കേന്ദ്രം 2018-നുശേഷം 6.67 കോടിരൂപ കൈമാറിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
രാജ്യത്ത് മാവോയിസ്റ്റു അക്രമങ്ങളും ഏറ്റുമുട്ടൽ മരണങ്ങളും കുറയുകയാണെന്നും മന്ത്രി പറഞ്ഞു. 2009-ൽ 2258 ഏറ്റുമുട്ടലുകൾ നടന്നത് 2021-77 ശതമാനം കുറഞ്ഞ് 501 ആയി. മരണം (സുരക്ഷാസേനയും ജനങ്ങളും ഉൾപ്പെടെ) 1005-ൽനിന്ന് 147 ആയി. മാവോയിസ്റ്റു പ്രശ്‌നങ്ങളുണ്ടായിരുന്ന ജില്ലകൾ 96-ൽനിന്ന് 46 ആയി.
കേരളത്തിൽ 2016 നവംബർ 24-ന് മലപ്പുറം കരുളായി വനത്തിൽ പൊലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ തമിഴ്‌നാട് സ്വദേശികളായ കുപ്പു ദേവരാജനും കാവേരി എന്ന അജിതയും കൊല്ലപ്പെട്ടു. 2019 മാർച്ച് ആറിന് ലക്കിടിയിലെ സ്വകാര്യ റിസോർട്ടിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ട് സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സി.പി. ജലീൽ കൊല്ലപ്പെട്ടു.
അതേവർഷം ഒക്ടോബർ 28-ന് പാലക്കാട്ട് മഞ്ചിക്കണ്ടി ഊരിൽ ചിക്കമഗളൂരു സ്വദേശികളായ ശ്രീമതി, സുരേഷ്, കാർത്തി, മണിവാസകം എന്നിവരും തണ്ടർബോൾട്ടിന്റെ വെടിയേറ്റുമരിച്ചു. 2020 നവംബർ മൂന്നിന് വയനാട്ടിലെ പാന്തിപൊയിലിൽ തമിഴ്‌നാട്ടിൽനിന്നുള്ള വേൽമുരുകൻ കൊല്ലപ്പെട്ടു.




