ദോഹ: ഇന്ത്യയുടെ മതേതര മൂല്യങ്ങൾ തകർക്കപ്പെടുകയും ആർ എസ്സ് എസ്സും അനുബന്ധ സംഘടനകളും രാജ്യത്തെ ഹിന്ദുത്വവൽക്കരിക്കാൻ തീവ്രശ്രമങ്ങൾ നടത്തി ക്കൊണ്ടിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ പൊതുസമൂഹം കൂടുതൽ ജാഗ്രതയോടെ നിലയുറപ്പിക്കണമെന്ന് വിമൻസ് ഫ്രട്ടേണിറ്റി കഴിഞ്ഞ ദിവസം ദോഹയിൽ സംഘടിപ്പിച്ച ചർച്ചാ സദസ്സ് അഭിപ്രായപ്പെട്ടു.

ഹിജാബ് നിരോധിച്ച കർണാടക ഹൈക്കോടതി വിധി ഉൾപ്പെടെ രാജ്യത്തു നടന്നുകൊണ്ടിരിക്കുന്ന മൗലികാവകാശ ലംഘനങ്ങളെ കുറിച്ച് പൊതുജനങ്ങൾ ബോധവാന്മാരാകണം. രാജ്യത്തിന്റെ ഭരണഘടനയെ തകർക്കാൻ വർഗീയ ഫാഷിസ്റ്റുകൾ ബോധപൂർവ്വം ശ്രമങ്ങൾ നടത്തികൊണ്ടിരിക്കുമ്പോൾ ആ ഭരണഘടന സംരക്ഷിക്കാൻ ഇന്ത്യൻ ജനത ഒറ്റക്കെട്ടായി രംഗത്ത് വരേണ്ടതുണ്ടെന്നും ചർച്ചാ സദസ്സ് ഓർമ്മപ്പെടുത്തി.

രാജ്യത്ത് അധികാര കേന്ദ്രങ്ങളുടെ കീഴിൽ വർഗീയ വേർതിരിവ് വർദ്ദിച്ചു വരുന്ന സാഹചര്യത്തിൽ 'മതേതര ഇന്ത്യയെ തിരിച്ചു പിടിക്കുക' എന്ന പ്രമേയത്തിലാണ് ചർച്ചാ സദസ്സ് സംഘടിപ്പിച്ചത്.വിമൻസ് ഫ്രട്ടേണിറ്റി പ്രസിഡന്റ് ഷെറീജ വിഷയാവതരണം നടത്തിയ പരിപാടിയിൽ ഖത്തറിലെ വിവിധ വനിതാ സംഘടനകളെ പ്രതിനിധീകരിച്ചു മുനീറ ബഷീർ, ഫലീല ഹസ്സൻ (കെ.ഡബ്യു. സി.സി), സാഹിദാ(എം.ജി.എം), ഹുമൈറ അബ്ദുൽ വാഹിദ (എം.എം.ഡബ്യു.എ), ബുഷ്റ ഷെമീർ (എം.ജി.എം ഖത്തർ) തുടങ്ങുയവർ പങ്കെടുത്തു. വിമൻസ് ഫ്രട്ടേണിറ്റി പി.ആർ കോർഡിനേറ്റർ ഷെജിന ചർച്ച നിയന്ത്രിച്ചു.