ജാക്സൻവില്ല (ഫ്ളോറിഡ): ഞായറാഴ്ച ഉച്ചകഴിഞ്ഞ് കാണാതായ 18 മാസം പ്രായമുള്ള ആൺകുട്ടിയുടെ മൃതദേഹം വീടിനു പുറകിലുള്ള സെപ്റ്റിക് ടാങ്കിൽ നിന്നും തിങ്കളാഴ്ച കണ്ടെത്തിയതായി കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. ക്രസന്റ് സിറ്റിയിലുള്ള വീട്ടിൽ നിന്നും ഞായറാഴ്ചയാണ് കുട്ടിയെ കാണാതായതെന്ന് മാതാവ് പറഞ്ഞു.

24 മണിക്കൂർ നീണ്ടുനിന്ന അന്വേഷണത്തിനുശേഷമാണ് സെപ്റ്റിക് ടാങ്കിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ടാങ്ക് ശരിയായി മൂടിയിരുന്നില്ലെന്നും, ചുറ്റുപാടും ചെടികൾ വളർന്നു നിന്നിരുന്നുവെന്നും അന്വേഷണത്തിന് നേതൃത്വം നൽകിയ കൗണ്ടി ഷെറിഫ് പറഞ്ഞു.

കുടുംബാംഗങ്ങളെ ചോദ്യം ചെയ്തുവരികയാണെന്നും മരണത്തിൽ അസ്വഭാവികതയില്ലെന്നു മാണു പ്രാഥമിക അന്വേഷണ റിപ്പോർട്ട്. അന്വേഷണം തുടരുമെന്ന് ഷെരീഫ് ഓഫീസ് അറിയിച്ചു.

സെപ്റ്റിക് ടാങ്കിനു 20 അടി അകലെ കുട്ടിയുടെ കളിപ്പാട്ടം കണ്ടെത്തിയിരുന്നു. എഫ്ബിഐ, ഫ്ളോറിഡ ഡിപ്പാർട്ട്മെന്റ് ഓഫ് ലോ എൻഫോഴ്സ്മെന്റ്, മാരിയോൺ കൗണ്ടി ഷെരീഫ് ഓഫീസ് എന്നിവ സംയുക്തമായാണ് കുട്ടിയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷണം നടത്തിയത്.