- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാഹിയിലെ പെട്രോൾ പമ്പുകളിൽ ഇന്ധനം കാലി; ദേശീയ പാതയിൽ ഗതാഗത കുരുക്ക്
മയ്യഴി: മാഹിയിൽ പെട്രോൾ പമ്പുകളിൽ ഇന്ധനം കാലിയായതിനാൽ ഇന്ന് കോഴിക്കോട്-തലശേരി ദേശീയപാതയിൽ വൻ വാഹന ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ദേശീയപാതയിൽ ആംബുലൻസുകളടക്കം നിരവധി വാഹനങ്ങളാണ് ഗതാഗതകുരുക്കിൽപ്പെട്ട് കിടക്കുന്നത്.
രണ്ട് ദിവസമായി നടന്ന പണിമുടക്കിന് ശേഷം അർദ്ധരാത്രി മുതൽ തന്നെ പെട്രോൾ പമ്പുകളിൽ വൻ തിരക്കായിരുന്നു. മിക്ക പമ്പുകളിലും പെട്രോൾ തീർന്നതും ഗതാഗതകുരുക്ക് രൂക്ഷമാവാൻ കാരണമായി മാഹി പള്ളി മുതൽ പൂഴിത്തല വരെയാണ് ഗതാഗത കുരുക്ക് രൂക്ഷമായത്.
കഴിഞ്ഞ ദിവസങ്ങളിൽ ദേശീയ പണിമുടക്കായതിനാൽ മിക്ക ദീർഘദൂര ലോറികളും തമ്പടിച്ചത് മാഹിയിലും പരിസര പ്രദേശങ്ങളിലുമായിരുന്നു.
ഞായറാഴ്‌ച്ച പെട്രോളടിക്കാൻ വന്നവരുടെ തിരക്ക് കാരണം ദേശീയ പാതയിൽ ഗതാഗതകുരുക്ക് രൂക്ഷമായിരുന്നു. പാറക്കൽ ബഷീർ ആൻഡ് കമ്പനി പെട്രോൾ പമ്പിലെ ജീവനക്കാർ ഇടപെട്ട് ഗതാഗതം നിയന്ത്രിക്കുകയും പമ്പ് അടച്ചിടുകയും ചെയ്തു. ഡീസൽ വാഹനങ്ങൾ താരതമ്യേന കുറവായിരുന്നു. പെട്രോൾ വാഹനങ്ങളുടെ നിര പമ്പുകളിൽ റോഡിലേക്ക് നീണ്ടതായിരുന്നു ഗതാഗതകുരുക്കിന് കാരണമായത്.
കാർഡ് ഉപയോഗിച്ച് പെട്രോളടിക്കുന്നവരുടെ എണ്ണം കൂടി വരുന്നതിനാൽ വാഹനങ്ങൾ പമ്പിൽ നിന്നും ഒഴിഞ്ഞ് പോവാൻ സമയമെടുക്കുന്നതിനാൽ കാർഡുപയോഗിക്കുന്നവർക്ക് പ്രത്യേകം സ്ഥലം ഏർപ്പെടുത്തണമെന്നും ആവശ്യമുയരുന്നുണ്ട്. അഴിയൂർ റെയിൽവേ സ്റ്റേഷൻ ഭാഗത്ത് ബൈപ്പാസ് പ്രവൃത്തി നടക്കുന്നതിനാൽ വലിയ വാഹനങ്ങൾ കടന്ന് പോവാൻ പ്രയാസമനുഭവപ്പെട്ടു ഇതിനാൽവരും ദിവസങ്ങളിലും മാഹിയിലെ ഗതാഗത കുരുക്ക് രൂക്ഷമായി തുടരാനാണ് സാധ്യതയെന്ന് പ്രദേശവാസികൾ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ