തിരുവനന്തപുരം: ഒരു വർഷത്തിൽ ഒരു ലക്ഷം സംരംഭം എന്ന പദ്ധതിയിലൂടെ ഏകദേശം മൂന്നു മുതൽ അഞ്ചു ലക്ഷം വരെ തൊഴിലവസരം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംരംഭക വർഷം 2022-23 ന്റെ പ്രഖ്യാപനവും ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

120 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഏപ്രിൽ, മെയ്‌ മാസങ്ങളിൽ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ശിൽപശാലകൾ നടത്തും. ആദ്യ ഘട്ടത്തിൽ സംരംഭങ്ങൾ തുടങ്ങാൻ താത്പര്യമുള്ളവർക്ക് ബോധവത്ക്കരണം നൽകും. തുടർന്ന് ലൈസൻസ്, വായ്പ, ധനസഹായം എന്നിവ ലഭ്യമാക്കുന്നതിന് മേള സംഘടിപ്പിക്കും.

ഏപ്രിൽ മാസത്തിൽ പദ്ധതിയുടെ ഭാഗമായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സാങ്കേതിക യോഗ്യതയുള്ള ഇന്റേണുകളെ നിയമിക്കും. വ്യവസായ, തദ്ദേശസ്വയംഭരണ വകുപ്പുകൾ പദ്ധതി പ്രവർത്തനം ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മെച്ചപ്പെട്ട നിക്ഷേപാന്തരീക്ഷവും പശ്ചാത്തല സൗകര്യവും ഉറപ്പാക്കി അടുത്ത നാലു വർഷത്തിൽ വ്യവസായ മേഖലയിൽ മാത്രം 10,000 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കും. വ്യവസായ മേഖലയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 6,380 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചു. ഇക്കാലയളവിൽ 12,443 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ കേരളത്തിൽ പുതിയതായി ആരംഭിച്ചു. ഇതിലൂടെ 1,292.62 കോടി രൂപയുടെ നിക്ഷേപം ലഭിച്ചു. 46,228 പേർക്ക് പുതിയതായി തൊഴിൽ ലഭിക്കുകയും ചെയ്തു.

അഭ്യസ്ഥവിദ്യരായ യുവജനങ്ങളുടെ അഭിരുചിക്കും ശേഷിക്കും അനുസരിച്ചുള്ള തൊഴിൽ നാട്ടിൽ സൃഷ്ടിക്കാനാണ് ശ്രമം. ഇത്തരത്തിൽ 40 ലക്ഷം തൊഴിൽ സൃഷ്ടിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ആറു വർഷത്തിനിടെ 3,500 സ്റ്റാർട്ട് അപ്പുകൾ ആരംഭിച്ചു. 35,000 തൊഴിൽ അവസരങ്ങൾ ഈ മേഖലയിൽ ഉണ്ടായി. 2016ൽ സ്റ്റാർട്ട്അപ്പ് നിക്ഷേപം ഏകദേശം 50 കോടി ആയിരുന്നെങ്കിൽ ഇപ്പോഴത് 3,200 കോടി രൂപയായി. 2026ഓടെ കേരളത്തിൽ വലിയ തോതിൽ മാറ്റം സംഭവിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.