കോട്ടയം: നഗരത്തിലെ റോഡ് മുഴുവനും എൽ വരച്ചതാരെന്ന് തേടി കണ്ടെത്തി ജനം. ഏതാനും ദിവസങ്ങളായി കോട്ടയം നഗരത്തിലെ സംസാര വിഷയം എൽ ചിഹ്നമാണ്. കെകെ റോഡ്, ഈരയിൽക്കടവ്, എംസി റോഡ്, ഇറഞ്ഞാൽ റോഡ് എന്നിങ്ങനെ പ്രധാനപ്പെട്ട പാതകളിലെല്ലാം ഈ ചിഹ്നം കാണാം. എന്നാൽ ഇത് ആര് വരച്ചതെന്നോ എന്തിനു വരച്ചതെന്നോ ആർക്കും അറി.ില്ല. ഒടുവിൽ ജനം പൊലീസ് സ്റ്റേഷനുകളിൽ വിളിച്ച് കാര്യം അന്വേഷച്ചു. എന്നാൽ പൊലീസിനും സംഭവം എന്തെന്നറിയില്ല.

ഒടുവിൽ അതിന്റെ ഉത്തരം ജനം തേടി കണ്ടെത്തി. നഗരസഭ തന്നെ. നഗരസഭയുടെ ആസ്തി കണക്കാക്കാനുള്ള ഡ്രോൺ സർവേയ്ക്കു വേണ്ടിയാണ് നഗരത്തിലെ റോഡുകളിൽ എൽ ചിഹ്നം വരച്ചിരുന്നത്. നഗരസഭയുടെ ആസ്തി കണക്കാക്കാൻ 52 വാർഡുകളിലും നടത്തിയ ഡ്രോൺ സർവേയുമായി ബന്ധപ്പെട്ട് വരച്ചതാണ് ഈ ചിഹ്നം. വാർഡുകളുടെ അതിരു കൃത്യമായി തിരിച്ചറിയാൻ വേണ്ടി സർവേ നടത്തുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കമ്പനിയാണ് എൽ രൂപത്തിൽ വരച്ചത്.

സിൽവർലൈൻ സർവേയുമായി ബന്ധപ്പെട്ടാണോയെന്ന ആശങ്ക നാട്ടുകാർ പ്രകടിപ്പിച്ചിരുന്നു. ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട് ട്രാഫിക് പൊലീസ് വരച്ചതാണെന്നും പലരും കരുതി.