കോവിഡ് പ്രതിസന്ധിയിൽ ഉൾപ്പടെ മികച്ച പ്രകടനം കാഴ്‌ച്ചവെച്ച് ലോകത്തിന്റെ പ്രശംസ ഏറ്റുവാങ്ങിയ ബ്രിട്ടീഷ് ആരോഗ്യ പരിപാലന സംവിധാനത്തിന് തീരാകളങ്കമായി ഞെട്ടിപ്പിക്കുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഷ്രൂസ്ബറി ആൻഡ് ടെല്ഫോർഡ് ഹോസ്പിറ്റലിൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ അശ്രദ്ധമൂലം മരണമടഞ്ഞത് 201 കുട്ടികളും ഒൻപത് അമ്മമാരുമാണ് എന്നതാണ് ആ റിപ്പോർട്ട്. ഇതിൽ അമ്മമാരുടെ മരണത്തിന് കാരണമായി ആശുപത്രി അധികൃതർ പറഞ്ഞിരുന്നത് അവരുടെ മോശം ആരോഗ്യ സ്ഥിതിയായിരുന്നു.

കുട്ടികളിൽ പലർക്കും തലയോട്ടിക്ക് പരിക്കേൽക്കുകയും, അസ്ഥികൾ ഒടിയുകയും ചിലർക്ക് സെറിബ്രൽ പാൾസി എന്ന മസ്തിഷ്‌കത്തെ ബാധിക്കുന്ന തളർവാതം പിടിപെടുകയും ചെയ്തിരുന്നു. മറ്റു ചിലർക്ക് മസ്തിഷ്‌ക്ക ക്ഷതം ഏൽക്കുകയും ചില കുഞ്ഞുങ്ങൾ ഓക്സിജൻ ലഭിക്കാതെ മരണമടയുകയും ആയിരുന്നു എന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒരു കേസിൽ, കുട്ടിക്ക് നല്കേണ്ടചികിത്സകളെ കുറിച്ച് എഴുതിവച്ചിരുന്ന കുറിപ്പ് തൂപ്പുകാരി എടുത്തുകളഞ്ഞതിനാൽ ആ കുട്ടിക്കും കുടുംബത്തിനും അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളെ കുറിച്ചും റിപ്പോർട്ടുണ്ട്.

ഇത്തരത്തിലുള്ള ഏകദേശം 1600 കേസുകൾ അന്വേഷിക്കുന്ന സീനിയർ മിഡ്വൈഫ് ഡോണാ ഓക്കെൻദെൻ പറയുന്നത് ആശുപത്രി അധികൃതർ അന്വേഷണം നടത്തുന്നതിലും, അനുഭവങ്ങളീൽ നിന്നും പാഠം ഉൾക്കൊള്ളുന്നതിലും സേവനം മെച്ചപ്പെടുത്തുന്നതിലും പരാജയപ്പെട്ടു എന്നാണ്. ഇപ്പോഴും പല കുടുംബങ്ങളും പരാതികളുമായി വരുന്നുണ്ടെന്ന് ഡോണ പറയുന്നു. 2021-ൽ പോലും, സേവന നിലവാരം മെച്ചപ്പെടുത്താതെ നവജാത ശിശുക്കളുടെ ജീവൻ അപകടത്തിലാക്കിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കളിയാക്കലുകളും അപമാനിക്കലും ഭയന്ന് പറ്റിയ തെറ്റുകൾ തുറന്നു പറയാൻ ജീവനക്കാർ തയ്യാറാകുന്നില്ല. അതേസമയം അധികൃതരാകട്ടെ രോഗികളുടെ പരാതികൾ അവഗണിക്കുകയായിരുന്നു. പല പ്രസവ കേസുകളിലും സിസേറിയൻ ഒഴിവാക്കി സ്വാഭാവിക പ്രസവത്തിനായി കാത്തിരിക്കേണ്ടി വന്നതുമൂലം പല ശിശുക്കളും മരണമടയുന്നതിനോ, ജീവിതകാലം മുഴുവൻ നീളുന്ന ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നതിനൊ ഇടയായി എന്നും അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മുൻ ആരോഗ്യ സെക്രട്ടറി ജെറെമി ഹണ്ടായിരുന്നു ഈ ആശുപത്രിക്കെതിരെ ഉയർന്ന 23 പരാതികൾ അന്വേഷിക്കാൻ ഉത്തരവിട്ടത്. 2017-ൽ ആയിരുന്നു അന്വേഷണം ആരംഭിക്കുന്നത്.

ഈ ക്രൂര കൃത്യത്തിൽ ഉൾപ്പെട്ട ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയോ പിരിച്ചു വിടുകയോ ചെയ്തിട്ടുണ്ടെന്ന് അന്വേഷണ റിപ്പോർട്ട് പാർലമെന്റിൽ വെച്ചുകൊണ്ട് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. 600 കേസുകളിൽ പൊലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം എം പിമാരെ അറിയിച്ചു. അന്വേഷണ ചുമതലയുള്ള മേഴ്സിയ പൊലീസ് പക്ഷെ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ട്രസ്റ്റിനെതിരെയോ അല്ലെങ്കിൽ ഇതിൽ ഉൾപ്പെട്ട വ്യക്തികൾക്കെതിരെയോ ക്രിമിനൽ കേസ് ചാർജ്ജ് ചെയ്യുന്നതിന്റെ സാധ്യതകൾ ആരാഞ്ഞുകൊണ്ടിരിക്കുകയാണെന്നാണ് പൊലീസ് പറഞ്ഞത്.

ഈ ആശുപത്രി ജീവനക്കാരുടെ അനാസ്ഥ മൂലം ജീവൻ നഷ്ടപ്പെടുകയോ ജീവിതകാലം മുഴുവൻ അനാരോഗ്യത്തോടെ ജീവിക്കാൻ വിധിക്കപ്പെടുകയോ ചെയ്ത കുട്ടികളുടെ മാതാപിതാക്കൾ ഒത്തുചേർന്ന് തങ്ങളുടെ സങ്കടകഥകൾ പങ്കുവെച്ചു. അതിലൊന്നായിരുന്നു പിപ്പ ഗ്രിഫിത്ത് എന്ന കുരുന്നിന്റെ കഥ. ജനിച്ച ഉടനെ ആ കുഞ്ഞിന് മാരകമായ അണുബാധ ഏറ്റിരുന്നു. മിഡ്വൈഫുമാർ അത് തിരിച്ചറിഞ്ഞിരുന്നു എങ്കിൽ ഇന്ന് തീർച്ചയായും ആ കുരുന്ന് ജീവിക്കുമായിരുന്നു. 2016- ലായിരുന്നു ഈ സംഭവം നടന്നത്.

എന്നാൽ ഈ ദുരന്തത്തിന് യഥാർത്ഥ ഉത്തരവാദികളായ പല എക്സിക്യുട്ടീവുകളും എൻ എച്ച് എസിൽ ഉൾപ്പടെ ഉയർന്ന ഉദ്യോഗത്തിനായി ഇവിടം വിട്ടുപോയതായി ക്രൂരതക്കിരയായ കുരുന്നുകളുടെ മാതാപിതാക്കൾ പറയുന്നു. അവർക്ക് സംഭവിച്ച പിഴവുകൾക്ക് സത്യത്തിൽ പുരസ്‌കാരം നൽകുകയായിരുന്നു അധികൃതർ എന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്. എന്നാൽ, ഇതിന് ഉത്തരവാദികളായ ആരെയും വെറുതെ വിടില്ലെന്ന് ഇന്നലെ സാജിദ് ജാവിദ് പാർലമെന്റിൽ ഉറപ്പു നൽകിയിട്ടുണ്ട്.

ഈ കാലയളവിൽ ഹോസ്പിറ്റൽ സി ഇ ഒ ആയിരുന്ന സൈമണ റൈറ്റ് 2019-ൽ ജോലി രാജിവെച്ചു. മുൻ മിഡ്വഫറി മേധാവിയായിരുന്ന കാത്തി സ്മിത്താണെങ്കിൽ ഇന്ന് സസ്റ്റെയെനബിലിറ്റി ആൻഡ് ട്രാൻസ്ഫോർമേഷൻ പാർടണർഷിപ്പിൽ പ്രോഗ്രാം മാനേജരാണ്. വിവിധ കൗൺസിലുകളെ എൻ എച്ച് എസുമായി ഏകോപിപ്പിക്കുക എന്നതാണ് ഇന്ന് അവരുടെ ജോലി. മുൻ ഡയറക്ടർ ഓഫ് നഴ്സിങ് ആയിരുന്ന ഡീർഡെ ഫോളർ നിരവധി തവണ ജോലികൾ മാറിമറി ഇപ്പോൾ ബ്രിസ്റ്റോൾ ആൻഡ് വെസ്റ്റൺ യൂണിവേഴ്സിറ്റി ആശുപത്രിയിലെ ചീഫ് നഴ്സും മിഡ്വൈഫുമാണ്.