- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെയിന്റ് കമ്പനിയിലെ ഭൂഗർഭ അറയ്ക്കുള്ളിൽ 8500 ലിറ്റർ സ്പിരിറ്റ്; ഇരുന്നൂറിലധികം കന്നാസുകളിലായി സൂക്ഷിച്ച സ്പിരിറ്റ് പിടിച്ചെടുത്ത് എക്സൈസ്
ആലുവ: എടയാറിലെ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന പെയിന്റ് കമ്പനിയിൽ രഹസ്യമായി സൂക്ഷിച്ച 8500 ലിറ്റർ സ്പിരിറ്റ് പിടികൂടി. കമ്പനിയിലെ ഭൂഗർഭ അറയിൽ 200-ലധികം കന്നാസുകളിലായി രഹസ്യമായി സൂക്ഷിച്ചിരുന്ന സ്പിരിറ്റാണ് എക്സൈസ് അധികൃതർ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.
അതേസമയം, സ്ഥാപനത്തിന്റെ ഉടമയായ കലൂർ സ്വദേശി കുര്യനാണ് സ്പിരിറ്റ് കടത്തിലെ പ്രധാനിയെന്നും ഇയാൾ ഒളിവിലാണെന്നും എക്സൈസ് പറഞ്ഞു. ഇയാൾക്കായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണ്. സ്പിരിറ്റ് ഉപയോഗിച്ച് കമ്പനിയിൽ വ്യാജ മദ്യനിർമ്മാണം നടന്നിരുന്നതായും എക്സൈസ് സംശയിക്കുന്നു.
പെയിന്റ് നിർമ്മാണത്തിന്റെ മറവിലാണ് എടയാറിലെ കമ്പനിയിലേക്ക് വ്യാപകമായി സ്പിരിറ്റ് കടത്തിയിരുന്നത്. ഗോവയിൽനിന്നാണ് ഇവിടേക്ക് സ്പിരിറ്റ് എത്തിച്ചതെന്നും എക്സൈസ് കണ്ടെത്തിയിട്ടുണ്ട്.
നേരത്തെ എറണാകുളം, ഇടുക്കി ജില്ലകൾ കേന്ദ്രീകരിച്ചുള്ള സ്പിരിറ്റ് ലോബിയെക്കുറിച്ച് എക്സൈസ് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ സ്പിരിറ്റ് കടത്തിന്റെ ഉറവിടം കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ് എറണാകുളത്തുനിന്ന് ഒരു വാഹനത്തിൽ ഇടുക്കിയിലേക്ക് സ്പിരിറ്റ് കടത്തുന്നതായി വിവരം ലഭിച്ചത്.
തുടർന്ന് ആലുവയിൽവെച്ച് ഈ വാഹനം എക്സൈസ് പിടികൂടുകയും ആയിരം ലിറ്റർ സ്പിരിറ്റ് പിടിച്ചെടുക്കുകയും ചെയ്തു. വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് എടയാറിലെ സ്പിരിറ്റ് ശേഖരത്തെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് എക്സൈസ് സംഘം പെയിന്റ് കമ്പനിയിലെത്തി പരിശോധന നടത്തുകയായിരുന്നു.
ജില്ലയിലെ വിവിധ കള്ളുഷാപ്പുകളിലേക്കടക്കം ഇവിടെനിന്ന് സ്പിരിറ്റ് കടത്തിയിരുന്നതായാണ് എക്സൈസിന്റെ സംശയം. പെയിന്റ് കമ്പനിയിൽനിന്ന് ചില വിദേശമദ്യ ബ്രാൻഡുകളുടെ സ്റ്റിക്കറുകളും കണ്ടെടുത്തിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ