അൽ ഹസ്സ: സൗദി അറേബ്യയിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്ലസ്ടൂവിനു ശേഷം ഉപരിപഠനത്തിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താൻ വേണ്ടി നയപരമായ തീരുമാനങ്ങൾ എടുത്ത് നടപ്പിലാക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് നവയുഗം സാംസ്കാരികവേദി അൽഹസ്സ കൊളാമ്പിയ യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സൗദി അറേബ്യയിലെ ഇന്ത്യൻ പ്രവാസികളുടെ എക്കാലത്തെയും പ്രധാന ആവശ്യങ്ങളിൽ ഒന്നാണ് അവരുടെ കുട്ടികൾക്ക് പ്ലസ് ടൂ കഴിഞ്ഞിട്ട് ഉപരിപഠനത്തിനായി ഉള്ള സൗകര്യങ്ങൾ സൗദി അറേബ്യയിൽ തന്നെ ലഭ്യമാകുക എന്നത്. ഇതിനായി ഇന്ത്യൻ യൂണിവേഴ്‌സിറ്റിയുടെ വിദൂരപഠനകേന്ദ്രങ്ങൾ സൗദിയിൽ ആരംഭിക്കുക, നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷകളുടെ പരീക്ഷകേന്ദ്രം അനുവദിക്കുക, നയതന്ത്രബന്ധങ്ങളിലൂടെ സൗദി യൂണിവേഴ്‌സിറ്റികളിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ നിരവധി ആവശ്യങ്ങളോട് അനുഭാവപൂർണ്ണമായ സമീപനമല്ല മാറിമാറി വന്ന കേന്ദ്രസർക്കാരുകൾ സ്വീകരിച്ചിരുന്നത്. അത് തിരുത്തപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് പ്രമേയം ഓർമ്മിപ്പിച്ചു.

നവയുഗം കൊളാബിയ യൂണിറ്റ് കമ്മിറ്റി ഓഫിസിൽ അഖിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന യൂണിറ്റ് സമ്മേളനം നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം ഉത്ഘാടനം ചെയ്തു. യൂണിറ്റ് സെക്രെട്ടറി അൻസാരി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. നവയുഗം അൽഹസ്സ മേഖല പ്രസിഡന്റ് ഉണ്ണി മാധവം, മേഖല സെക്രട്ടറി സുശീൽ കുമാർ, വനിതാവേദി സെക്രട്ടറി മിനി ഷാജി എന്നിവർ ആശംസപ്രസംഗങ്ങൾ നടത്തി. കിരൺ സ്വാഗതവും, വേലുരാജൻ നന്ദിയും പറഞ്ഞു.

നവയുഗം കൊളാബിയ യൂണിറ്റ് കമ്മിറ്റി ഭാരവാഹികളായി ഫായിസ് (രക്ഷാധികാരി), നൗഷാദ് (പ്രസിഡന്റ്), കിരൺ (വൈസ് പ്രസിഡന്റ്), അൻസാരി (സെക്രട്ടറി), സുരേഷ് (ജോ: സെക്രട്ടറി), സജി (ട്രെഷറർ) എന്നിവരെ സമ്മേളനം തെരെഞ്ഞെടുത്തു.